ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ശിക്ഷ അനുഭവിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റെന്റെയും ചിത്രങ്ങൾ വിൻഡ്സർ കൊട്ടാരത്തിൽ പ്രൊജക്റ്റ് ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. മാലീഷ്യസ് കമ്മ്യൂണിക്കേഷൻസ് കുറ്റം ചുമത്തിയാണ് നിലവിൽ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് തേംസ് വാലി പൊലീസ് അറിയിച്ചു. സംഭവം ട്രംപ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ കാണാനെത്തിയ സമയത്താണ് അരങ്ങേറിയത്. അതുകൊണ്ട് തന്നെ സംഭവം കൂടുതൽ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി.
ഈസ്റ്റ് സസ്സെക്സിൽ നിന്നുള്ള 60 വയസുകാരനും 36, 50 വയസ് പ്രായമുള്ള ലണ്ടൻ സ്വദേശികളും കെന്റിൽ നിന്നുള്ള 37 കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്നു വിൻഡ്സർ കൊട്ടാരത്തിന് മുന്നിൽ വലിയ പൊലീസ് വിന്യാസം നടപ്പാക്കുകയും സ്ഥലത്തെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. കൊട്ടാരത്തിനു സമീപം പ്രതിഷേധക്കാരും മാധ്യമ പ്രവർത്തകരും കൂടി നിന്നതിനാൽ സ്ഥിതി കൂടുതൽ സംഘർഷഭരിതമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു ട്രംപ് ലണ്ടനിലെത്തിയത്. അമേരിക്കൻ അംബാസഡറുടെ വസതിയിൽ ആണ് അദ്ദേഹം താമസിച്ചത് . രാജാവ് ചാൾസിനെ കാണുന്നതും ക്വീൻ എലിസബത്ത് രണ്ടാമന്റെ ശവകുടീരം സന്ദർശിക്കുന്നതും ഉൾപ്പെടെ നിരവധി പരിപാടികൾക്ക് അദ്ദേഹം ഇന്നലെ പങ്കെടുത്തു . അതേസമയം “സ്റ്റോപ്പ് ട്രംപ്” കൂട്ടായ്മയുടെ നേതൃത്വത്തിൽ ലണ്ടനിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . ഇതിന്റെ പശ്ചാത്തലത്തിൽ 1,600 -ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കിട്ടുണ്ട് .
Leave a Reply