ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഞ്ഞുമൂടിയ തടാകത്തിൽ വീണ് നാല് കുട്ടികൾക്ക് ഗുരുതരപരിക്ക്. ബർമിങ്ഹാമിന് സമീപമാണ് അപകടം. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം ഉണ്ടായത്. കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും, അവർ ഗുരുതരമായ അവസ്ഥയിലായിരുന്നു എന്നാണ് വെസ്റ്റ്‌ മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് ജീവനക്കാർ പറയുന്നത്.

യുകെയിൽ മഞ്ഞുവീഴ്ച തുടരുകയാണ്. തണുത്ത കാലാവസ്ഥ ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാൽ തടാകത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും, ഇനി ആരെങ്കിലും ഉള്ളിൽ കുടുങ്ങി കിടപ്പുണ്ടോ എന്നുള്ളത് പരിശോധിക്കുകയാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് അഗ്നിശമനസേനാ മേധാവി റിച്ചാർഡ് സ്റ്റാന്റൺ പറഞ്ഞു. തണുപ്പ് വളരെ കൂടുതലായതിനാൽ രക്ഷാപ്രവർത്തനത്തിന് പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടം അറിഞ്ഞ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് അഗ്നിശമനസേന എത്തുന്നതിനു മുൻപ് തന്നെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടസമയത്ത് പ്രദേശത്ത് 1C (34F) ആയിരുന്നു താപനില. അത് ഒറ്റരാത്രി കൊണ്ട് -3C വരെ താഴാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ തണുപ്പ് കൂടുവാൻ സാധ്യത ഉണ്ടെന്നും, അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിക്കാൻ സാധിച്ചതിനാൽ നാല് പേർക്കും അപകടനില തരണം ചെയ്യുവാൻ കഴിയുമെന്നാണ് പുറത്തുവരുന്ന പ്രാഥമികവിവരം. അതേസമയം, കുട്ടികളുടെ നിലവിലെ അവസ്ഥയെ സംബന്ധിച്ച് യാതൊരുവിധ പ്രതികരണങ്ങളും നടത്താൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. തടാകത്തിലെ അപകടം അപ്രതീക്ഷിതമാണെന്നും, കുട്ടികൾ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിവരാൻ പ്രാർത്ഥിക്കുന്നുവെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേയർ ആൻഡി സ്ട്രീറ്റ് പറഞ്ഞു. ബർമിങ്ഹാമിലെ അപകടത്തെ തുടർന്ന് കർശന നിയന്ത്രങ്ങൾ കൈകൊള്ളുമെന്നും അധികൃതർ വ്യക്തമാക്കുന്നു.