ജനനം മുതല്‍ തന്നെ തിരുവനന്തപുരത്തെ ‘പഞ്ചരത്‌നങ്ങളുടെ’
ജീവിതത്തിലെ ഓരോ ഘട്ടവും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണ്. അവരുടെ ജീവിതം ഇന്നും ആകാക്ഷയോടെയും കൗതുകത്തോടെയുമാണ് വായിച്ചു തീര്‍ക്കുന്നത്. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും കന്നിപ്രസവത്തില്‍ പിറന്ന അഞ്ച് മക്കളായ, ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിവരാണ് ആ താരങ്ങള്‍. ജനനം മുതല്‍ ഒരുമിച്ചുണ്ടായിരുന്ന നാലുപെണ്‍മക്കളും ഒരുമിച്ച് വിവാഹജീവിതത്തിലേക്കും കാലെടുത്തുവയ്ക്കുകയാണ്. അച്ഛന്റെ സ്ഥാനത്ത് നിന്നും സഹോദരിമാരുടെ വിവാഹം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് കൂട്ടത്തിലെ ഏത ആണ്‍തരിയായ ഉത്രജന്‍. ഏപ്രില്‍ അവസാനം ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹം.
1995 നവംബറില്‍ എസ്എടി ആശുപത്രിയിലാണ് പ്രേംകുമാറിനും രമാദേവിയ്ക്കും അഞ്ചു മക്കള്‍ ജനിക്കുന്നത്. ഇപ്പോള്‍ 24 വയസ്സായി ഈ സഹോദരങ്ങള്‍ക്ക്. പിറന്നത് ഉത്രം നാളിലായതിനാല്‍ നാളുചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടു. മക്കളുടെ ഒമ്പതാം വയസ്സില്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായാണ് രമാദേവി മക്കള്‍ക്കു തണലായി ജീവിച്ചത്. അഞ്ച് മക്കളെയും ചേര്‍ത്തുപിടിച്ച് തളരാതെ ജീവിക്കാന്‍ സര്‍ക്കാര്‍ രമാദേവിയ്ക്ക് ജില്ലാസഹകരണ ബാങ്കില്‍ ജോലി നല്‍കി. സഹകരണബാങ്കിന്റെ പോത്തന്‍കോട് ശാഖയിലാണ് രമാദേവിയ്ക്ക് ജോലി.ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കത്തില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെഎസ് അജിത്കുമാറാണ് വരന്‍. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യാ ടെക്‌നിഷ്യയായ ഉത്രജയെ വിവാഹം കഴിക്കുന്നത് കുവൈത്തില്‍ അനസ്‌തേഷ്യാ ടെക്‌നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശാണ്. ഓണ്‍ലൈനില്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയുടെ വരന്‍ കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ആണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യാ ടെക്‌നീഷ്യയായ ഉത്തമയ്ക്ക് മസ്‌കത്തില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് ആണ് വരന്‍. സഹോദരിമാരുടെ വിവാഹശേഷം ഉത്രജന്‍ ജോലിയ്ക്കായി വിദേശത്തേക്കും പോകും.
Leave a Reply