കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയർവേയ്‌സിന്റെ യൂറോപ്പ്യൻ യാത്രക്കാർക്ക് ബുദ്ധിമുട്ടാവും.സൂറിക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, മ്യുണിക്, പാരീസ്, മിലാൻ എയർപോർട്ടുകളിൽ നിന്നുള്ളവരെയാണ് ഇതു ബാധിക്കുക. മടക്കയാത്രയ്ക്ക് നിലവിലുള്ള ഷെഡ്യുളിൽ മാറ്റമില്ലെങ്കിലും, കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് വിന്റർ ഷെഡ്യുളിൽ മസ്‌കത്തിൽ നാല് മണിക്കൂറോളം അധികം കാത്തിരിക്കേണ്ടി വരും.
നവംബർ മുതൽ അടുത്ത മാർച്ച് അവസാനം വരെ പകൽ സമയം 10 മുതൽ 6 വരെയാണ് റൺവേ നവീകരണത്തിനായി കൊച്ചി വിമാനത്താവളം അടച്ചിടുക. 31 ആഭ്യന്തര സർവീസുകളെയും ഏഴു രാജ്യാന്തര സർവീസുകളെയുമാണ് ഇത് ബാധിക്കുകയെങ്കിലും, യൂറോപ്പിൽ നിന്നുള്ള യാത്രക്കാരിൽ ഒമാൻ എയറിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമേ സമയക്രമീകരണം ബുധിമുട്ടാകുകയുള്ളു. വിന്റർ ഷെഡ്യുളിൽ ഉച്ചയ്ക്ക് 13.15 ന് മസ്‌കത്തിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ 18.10 ന് ലാൻഡ് ചെയ്യാനാണ് ഒമാൻ എയറിന് അനുമതി നൽകിയിട്ടുള്ളത്. നിലവിൽ ഉച്ചയ്ക്ക് രണ്ടിനാണ് ഒമാൻ എയർ എത്തിച്ചേരുന്നത്.
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മികച്ച സർവീസ് നൽകി, നിലവിൽ യൂറോപ്പ്യൻ പ്രവാസികളുടെ ജനപ്രിയ എയർലൈൻസായി മാറിയിരിക്കയാണ് ഒമാൻ എയർ. എന്നാൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയറിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
Leave a Reply