ലോക്സഭ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മികച്ച വിജയം നേടിയതോടെ 2026 ലെ നിയമസഭ തിരഞ്ഞടുപ്പ് പ്രതീക്ഷകളും കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്.

പത്ത് വർഷത്തിന് ശേഷം തങ്ങള്‍ക്ക് സംസ്ഥാന ഭരണത്തിലെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരട് വലികളും കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി കഴിഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നവർ. രമേശ് ചെന്നിത്തലയും വിഡി സതീശനും തങ്ങളുടെ സിറ്റിങ്ങ് സീറ്റുകളായ ഹരിപ്പാട് നിന്നും പറവൂരില്‍ നിന്നും വീണ്ടും നിയമസഭയിലേക്ക് മത്സരിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

നിലവിലെ എംപിമാരായ കെ സുധാകരനും ശശി തരൂരിനും നിയമസഭയിലേക്ക് മത്സരിക്കണമെങ്കില്‍ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന ഇരുവരും തങ്ങള്‍ക്ക് ഉചിതമായ നിയമസഭ മണ്ഡലങ്ങള്‍ കണ്ട് വെച്ചിട്ടുമുണ്ട്. കണ്ണൂർ മണ്ഡലത്തില്‍ മത്സരിക്കാനാണ് കെ സുധാകരന്റെ നീക്കം. കഴിഞ്ഞ രണ്ട് തവണയായി കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിക്കുന്ന മണ്ഡലമാണെങ്കില്‍ ചരിത്രപരമായി കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണ് കണ്ണൂർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുവനന്തപുരത്ത് ശശി തരൂരും നീക്കങ്ങള്‍ ശക്തമാക്കുകയാണ്. തലസ്ഥാന ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലം എന്ന് മാത്രമാണ് തരൂർ ക്യാംപ് ഇപ്പോള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തരൂർ ഒഴിഞ്ഞാല്‍ തിരുവനന്തപുരം ലോക്സഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം നിലനിർത്താന്‍ കഴിയുമോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ സ്വാഭാവികമായും ഉയരും.

തരൂർ ഇല്ലാതെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സാധ്യതയേറും. ഈ സാഹചര്യത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാനുള്ള തരൂരിന്റെ ആഗ്രഹത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയേക്കില്ല.

ആറ്റിങ്ങലിലെ സിറ്റിങ് എംപിയായ അടൂർ പ്രകാശിനും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ട്. പഴയ തട്ടകമായ കോന്നിയാണ് അടൂർ പ്രകാശ് ഉന്നമിടുന്നത്. തൃശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനും സീറ്റ് ഒഴിഞ്ഞ ടിഎന്‍ പ്രതാപനും നിയമസഭയിലേക്ക് മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പ്രതാപന് കൊടുങ്ങല്ലൂർ അല്ലെങ്കില്‍ തൃശൂരായിരിക്കും ലഭിക്കുക. കെ മുരളീധരൻ പഴയതട്ടകമായ വട്ടിയൂർക്കാവില്‍ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്.