കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം പാലിക്കുകയാണെങ്കില്‍ ഇങ്ങനെ പാലിക്കണം. 180 സീറ്റുള്ള വിമാനം ചാര്‍ട്ട് ചെയ്ത് യാത്ര ചെയ്ത് നാലംഗ കുടുംബം.
പത്തുലക്ഷം രൂപ മുടക്കിയായിരുന്നു ഒരു കുടുംബത്തിലെ നാലുപേരുടെ ഈ ആഡംബര യാത്ര. എയര്‍ബസ് എ320യാണു ഈ കുടുംബം ബുക്ക് ചെയ്തത്.
യുവതി, രണ്ടു മക്കള്‍, മുത്തശ്ശി എന്നിവരാണ് യാത്രികര്‍. തിങ്കളാഴ്ച രാവിലെ 9.05ന് വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് 10.30 ഓടെ ഭോപ്പാലില്‍ എത്തുകയായിരുന്നു.
നാലു പേരുമായി 11.30 ഓടെ യാത്ര തിരിച്ച് 12.55 ഓടെ ഡല്‍ഹിയില്‍ തിരിച്ചെത്തുകയും ചെയ്തു.
ആഭ്യന്തര വിമാനസര്‍വീസ് പുനരാരംഭിച്ചതോടെ ഒട്ടേറെ ആളുകളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്വദേശത്തേക്കു മടങ്ങുന്നത്.
അതേസമയം, സമ്പന്നരായ പലരും ആള്‍ക്കൂട്ടം ഒഴിവാക്കി തനിച്ച് യാത്ര ചെയ്യുന്നതിനാണ് താല്‍പര്യപ്പെടുന്നതെന്ന് വ്യോമ ഉദ്യോഗസ്ഥര്‍ പറയുന്നു.
വിമാനങ്ങള്‍ ചാര്‍ട്ടു ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെപ്പേര്‍ അന്വേഷണവുമായി എത്തുന്നുണ്ട്. ഇന്ധനവില കുറവായതിനാല്‍ ആകര്‍ഷകമായ വിലയില്‍ യാത്ര നല്‍കാന്‍ കമ്പനികള്‍ക്കു കഴിയുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
എ320 ചാര്‍ട്ടേഡ് വിമാനത്തിന് ഒരു മണിക്കൂറിന് നാലു മുതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.
ഇന്ധനവിലയെ അടിസ്ഥാനപ്പെടുത്തി നിരക്കില്‍ മാറ്റം വരാം. ഡല്‍ഹി-മുംബൈ-ഡല്‍ഹി വിമാനം 16-18 ലക്ഷം രൂപയാണ് ഈടാക്കുന്നത്.
കൊമേഴ്സ്യല്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തുന്നതിന് ഒരു ദിവസം മുന്‍പ് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് മൂന്നു പേരുമായെത്തിയ ചാര്‍ട്ടേഡ് വിമാനം 80 ലക്ഷം രൂപ ഈടാക്കിയതായിട്ടാണു വിവരം.
എന്തായാലും വിമാനക്കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ് പണക്കാരുടെ ഇത്തരം യാത്രകള്‍.
Leave a Reply