സ്വന്തം ലേഖകൻ

കെന്റ് : രാജ്യത്തെ ദുഖത്തിലാഴ്ത്തികൊണ്ട് വീണ്ടും എൻ എച്ച് എസ് നേഴ്സിന്റെ മരണം. ഈ ദുരിതകാലത്ത് ജീവൻ രക്ഷിക്കാൻ വേണ്ടി പ്രയത്നിച്ച ഒരാളുടെ കൂടെ ജീവൻ നഷ്ടപെടുന്ന കാഴ്ച്ച അങ്ങേയറ്റം ഖേദകരമാണ്. കെന്റിലെ ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റൽ നേഴ്‌സായിരുന്ന എമി ഓ റൂർക്ക് (39) ആണ് കൊറോണ വൈറസിനോട് പടപൊരുതി ജീവൻ വെടിഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ എമിക്ക് കൊറോണ വൈറസ് ബാധിക്കുന്നതിനുമുമ്പ് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എമിയുടെ മരണത്തിൽ ടീം മുഴുവൻ തകർന്നതായി ആശുപത്രിയിലെ വാർഡ് മാനേജർ ജൂലി ഗാമോൺ പറഞ്ഞു. “അവൾ വളരെ ദയയും കരുതലും ഉള്ള ഒരു നഴ്സായിരുന്നു, രോഗികളുമായും സഹപ്രവർത്തകരുമായും അവൾക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു,” അവർ പറഞ്ഞു. “തന്റെ എല്ലാ രോഗികൾക്കും ഏറ്റവും മികച്ച പരിചരണം നൽകാൻ എമി തീരുമാനിച്ചു. മറ്റുള്ളവർ വീടിനുള്ളിൽ താമസിക്കുന്ന സമയത്തും അവൾ ജോലിയിൽ തുടർന്നു.” സഹപ്രവർത്തകർ അനുസ്മരിച്ചു. വാൽസാൽ മാനർ ഹോസ്പിറ്റലിലെ 36 കാരിയായ നഴ്സ് അരിമ നസ്രീൻ മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എമിയുടെ മരണവാർത്ത പുറത്തുവന്നത്. കൊറോണ കാലത്ത് ജീവൻ വെടിഞ്ഞ ധീരവനിതകൾക്ക് മരണമില്ല. അവരുടെ പുഞ്ചിരി കാലങ്ങളോളം നിലനിൽക്കും. നേഴ്‌സുമാരെ കൂടാതെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ജീവൻ നഷ്ടപ്പെട്ടു. അതിജീവനത്തിന്റെ പോരാട്ടവഴിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ ദിനം കഴിയുന്തോറും ബ്രിട്ടനിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. യുകെയിൽ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപെട്ടവർ 684 പേരാണ്. ഇതോടെ മരണസംഖ്യയിൽ ചൈനയെ പിന്തള്ളി ബ്രിട്ടൻ മുന്നിലെത്തി. ചൈനയിൽ 3,326 മരണങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ. ബ്രിട്ടനിൽ ഇതുവരെ 3,605 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചവർ 4,450 പേരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,168 ആയി ഉയർന്നു. മരണത്തിലും കേസുകളുടെ എണ്ണത്തിലും ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത് ഇന്നലെയാണ്. 163 ആളുകൾ ഗുരുതരാവസ്ഥയിൽ തുടരുന്നു. മരണനിരക്ക് ദിനംപ്രതി ഉയരുന്നത് സർക്കാരിനെയും എൻഎച്ച്എസിനെയും ഒരുപോലെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. രാജ്യം ലോക്ക്ഡൗണിൽ ആണെങ്കിലും രോഗവ്യാപനം ദ്രുതഗതിയിലാണ് സംഭവിക്കുന്നത്.

ആഗോളതലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,098,390 ആയി ഉയർന്നു. 59,159 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏഴായിരത്തോളം മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയും സ്പെയിനും രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ഏകദേശം ഒരേ കണക്കുമായി നീങ്ങുകയാണ്. ഇറ്റലിയിൽ മരണപ്പെട്ടവരുടെ എണ്ണം 14681 ആയപ്പോൾ സ്പെയിനിൽ അത് 11198 ആയി ഉയർന്നു. ജർമനിയിലും രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. ഇതുവരെ 91159 പേർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഇതുവരെ 2567 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്നും ഇന്നലെ പുറത്തുവന്ന വാർത്ത ഏറെ ആശ്വാസം പകരുന്നതാണ്. കൊറോണ വൈറസ് ബാധിതരായിരുന്ന വൃദ്ധദമ്പതികൾ രോഗം ഭേദമായി ആശുപത്രി വിട്ടു. 88ഉം 93 ഉം വയസ്സ് പ്രായമുള്ള ദമ്പതികൾക്ക് കഴിഞ്ഞ മാസം പകുതിയോടടുപ്പിച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 205 രാജ്യങ്ങളിൽ കോവിഡ് 19 പടർന്നുപിടിച്ചതായാണ് റിപ്പോർട്ട്‌.