ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി ഋഷി സുനകിൻ്റെ വസതിയിൽ അതിക്രമിച്ചു കടന്നതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ജപ്പാൻ്റെ നയതന്ത്ര പ്രതിനിധികളുടെ സന്ദർശനത്തെ തുടർന്ന് പ്രധാനമന്ത്രി ലണ്ടനിൽ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നോർത്ത് യോർക്ക് ഷെയറിലെ കിർബി സിഗ്സ്റ്റണിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് 4 പേർ അതിക്രമിച്ച് കയറിയത്. വീടിനുള്ളിൽ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ഇവരെ കസ്റ്റഡിയിൽ എടുത്തതായാണ് പോലീസ് അറിയിച്ചത്.

അറസ്റ്റിലായവർ പാലസ്തീൻ അനുകൂല യൂത്ത് ഡിമാൻഡ് എന്ന സംഘടനയുടെ പ്രവർത്തകരാണ്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഇസ്രയേൽ അനുകൂല പ്രവർത്തനങ്ങൾ നിർത്തണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും ഉന്നയിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേർ സംഘടനയുടെ സജീവ പ്രവർത്തകരും നാലാമൻ ഫോട്ടോഗ്രാഫറും ആണ്. ലണ്ടൻ, ബോൾട്ടൺ, മാഞ്ചസ്റ്റർ, ചീചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം സമാനമായ ഒരു സംഭവത്തിൽ പ്രധാനമന്ത്രിയും കുടുംബവും അവധി ആഘോഷിക്കാൻ കാലിഫോർണിയയിൽ ആയിരുന്ന സമയത്ത് പ്രതിഷേധക്കാർ വസതിയിൽ കയറി ബാനർ ഉയർത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.