ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേർ പൊലീസ് കസ്റ്റഡിയില്‍. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപിൽ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ്, അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് പിന്നിൽ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് പാർലമെന്‍റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്ന് എ എം ആരിഫ് എം.പി, ബിനോയി വിശ്വം എംപി എളമരം കരീം എംപി എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.
നേരത്തെ ലക്ഷദ്വീപിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്, സണ്ണി വെയ്‌ൻ, ആന്‍റണി വര്‍ഗീസ്, സലീം കുമാർ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ വിചിത്രമായ പരിഷ്കാരങ്ങളിൽ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണെന്നും പരിഷ്കാരങ്ങൾ എപ്പോഴും ദ്വീപിലെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും പൃഥ്വിരാജ് ചൂണ്ടികാട്ടിയിരുന്നു. അഡ്മിനിട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാർഥി സംഘടനകൾ അടക്കമുളളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ്.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേൽ.
Leave a Reply