മദ്യപിച്ചെത്തുന്ന പിതാവിന്റെ മർദ്ദനത്തെ ഭയന്ന് റബ്ബർ തോട്ടത്തിൽ അമ്മയും മക്കളും ഒളിച്ചിരിക്കെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. വീടിനു സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. സംഭവത്തിന് മുൻപ് കുട്ടികൾ കണ്ണീരൊഴുക്കി കൊണ്ട് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്.

നിത്യവും രാത്രിയായാൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു വരാറുള്ള ഭർത്താവ് സുരേന്ദ്രൻ ദിവസവും ഭാര്യ സിജി മോളെയും മക്കളായ സുഷ്ക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെയും പതിവായി മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി സുരേന്ദ്രൻ ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും ഭയന്ന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ഓടി ഒളിക്കുകയായിരുന്നു. അവിടെ വെച്ചാണ് നാലു വയസ്സുകാരി സുഷ്ക മോളെ പാമ്പുകടിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് കുട്ടികളെയും കൂട്ടി സിജി സമീപത്തെ വീട്ടിൽ അഭയം തേടി. അപ്പോഴേക്കും കുഞ്ഞ് അബോധസ്ഥയിലായിരുന്നു. കുട്ടിയെ തുടർന്ന് നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെട്ടു കഴിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് തിരുവട്ടാർ പോലീസ് സുരേന്ദ്രനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ ആഴ്ചയിൽ സുരേന്ദ്രൻ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മർദിക്കുകയും, മക്കൾ മൂവരും കരഞ്ഞു വിഷമങ്ങൾ പറയുന്നതുമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുന്നത്.