ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നിയമകുരുക്കിൽ പെട്ട് ബ്രിട്ടനിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്താൻ കഴിയാതെ നാല് വയസ്സുകാരി. യുക്രൈൻ സ്വദേശിയായ അലിക്ക സുബെറ്റ്‌സ് എന്ന പെൺകുട്ടിയാണ് ഇപ്പോൾ യുദ്ധഭൂമിയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭീതിയിൽ കഴിയുന്നത്. അലിക്കയുടെ മാതാപിതാക്കൾ ഇതിനകം ന്യൂകാസിലിൽ സുരക്ഷിതരായി എത്തിയെങ്കിലും അവളും മുത്തശ്ശി തന്യയും വിസ ലഭിക്കുന്നതിനായി പോളണ്ടിൽ കാത്തിരിക്കുകയാണ്. അലിക്കയുടെ മാതാപിതാക്കളായ ദിമയും അരീനയും മാർച്ച് 24 ന് മകൾ മുത്തശ്ശിക്കൊപ്പം പോകുന്നതിന് രേഖാമൂലം സമ്മതം നൽകി. ഏപ്രിൽ 12 ന് തന്യയ്ക്ക് 90 ദിവസത്തെ വിസ അനുവദിച്ചു. എന്നാൽ അലിക്കയുടെ അപേക്ഷ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതേസമയം പോളണ്ടിൽ ജൂൺ 25 വരെ കഴിയാൻ മാത്രമേ മുത്തശ്ശിക്ക് അനുവാദമുള്ളൂ.

റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റായ സ്‌പോൺസർ മാഗി ബാബ്, പെൺകുട്ടിയെയും മുത്തശ്ശിയെയും ബ്രിട്ടനിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, മുത്തശ്ശിക്ക് അലിക്കയുടെ താത്കാലിക രക്ഷാകർതൃത്വം മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടിക്ക് യുകെയിലേക്കുള്ള വിസ ലഭിക്കില്ലെന്നും യുക്രെയ്നിലേക്ക് മടങ്ങേണ്ടിവരുമെന്നും പറയുന്നു.

സ്‌കീമിന് അപേക്ഷിക്കുന്ന 18 വയസ്സിന് താഴെയുള്ളവരോടൊപ്പം നിയമപരമായ രക്ഷകർത്താവ് ഉണ്ടായിരിക്കണമെന്ന് ഹോംസ് ഫോർ യുക്രൈൻ സ്‌പോൺസർഷിപ്പ് സ്‌കീമിനെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം, സ്ഥിതിഗതികൾ വളരെ വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂകാസിൽ എംപി ആരോൺ ബെൽ പറഞ്ഞു. ഡോ. ബാബിന് വേണ്ട നിയമപരമായ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിയമ പ്രശ്നങ്ങൾ വളരെ വേഗം പരിഹരിച്ച് മകളോടൊപ്പം ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അലിക്കയുടെ മാതാപിതാക്കൾ.