പരസ്പരം കൊല്ലുന്ന സ്നേഹത്തെ വിമർശിച്ച് സാമൂഹ്യപ്രവർത്തകനും അവയവദാനരംഗത്തെ നിറസാന്നിധ്യവുമായ ഫാ. ഡേവിസ് ചിറമേൽ. പണ്ടൊക്കെ പ്രതികാരം മൂത്തിട്ടാണ് ആളുകൾ കൊന്നിരുന്നത്. ഇന്ന് സ്നേഹം മൂത്തിട്ടാണ് കൊല്ലുന്നത്. നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുമെന്നൊക്കെ പറയാറുണ്ട്. അതിപ്പോൾ യാഥാർത്ഥ്യമായി. അതുകൊണ്ട്, സ്നേഹിക്കാൻ ആളുകൾക്ക് പേടിയായിത്തുടങ്ങി, ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു.
സ്നേഹം എന്ന ആശയം സമൂഹത്തിൽ മാറിയിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയെന്നെ സ്നേഹിച്ചിരിക്കണം എന്ന രീതി ഒരിക്കലും സ്നേഹത്തിന്റെതല്ല. സ്വന്തമാക്കണമെന്ന വിചാരത്തോടെയുള്ള സ്നേഹം വളരെ അപകടകരമാണ്. അവർക്ക് സ്നേഹം എന്നു പറയുന്നത് എന്തോ പിടിച്ചടക്കുന്നതു പോലെയാണ്. സ്നേഹമെന്നു പറയുന്നത് സ്വാതന്ത്ര്യമാണ്. നിങ്ങൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളെ ചങ്ങലക്കിടരുത്,” ഫാദർ അഭിപ്രായപ്പെട്ടു.
“സ്നേഹിക്കുമ്പോൾ തുറന്ന സമീപനം വേണം. എല്ലാം തുറന്നു പറയാൻ കഴിയുന്ന ഇടമുണ്ടാക്കണം. അല്ലാതെ, നീ മിണ്ടരുത്… അതു ചെയ്യരുത്… ഇതു ചെയ്യരുത് … എന്നെ മാത്രം നോക്കിയാൽ മതി… എന്നെ മാത്രം സ്നേഹിച്ചാൽ മതി എന്നു പറയുന്നതല്ല സ്നേഹം. ഇങ്ങനെയൊക്കെ ചെയ്യുന്നത് പണ്ട് ഹിറ്റ്ലർ ചെയ്തതിനു തുല്യമാണ്. സ്നേഹത്തിൽ ക്രൂരതയില്ല. സ്നേഹം ഒരാളെ ഒരിക്കലും ദ്രോഹിക്കില്ല. ദ്രോഹിച്ചാൽ പോലും ക്ഷമിക്കും. തിരിച്ചൊരിക്കലും ദ്രോഹിക്കില്ല. പല തല്ലുകൂട്ടങ്ങളും പരസ്പരം ഉണ്ടാകും. അതു സ്വാഭാവികമാണ്. പക്ഷേ, അതെല്ലാം മറക്കാൻ യഥാർത്ഥ സ്നേഹത്തിന് കഴിയും. പോക്കറ്റിൽ കത്തിയും കയ്യിൽ പെട്രോളുമായി സ്നേഹിക്കാൻ നടക്കല്ലെ എന്നാണ് എന്റെ അഭ്യർത്ഥന,” ഫാദർ പറഞ്ഞു.
Leave a Reply