കോട്ടയം പുന്നത്തറയിലെ വൈദികന്‍ ഫാ.ജോര്‍ജ് എട്ടുപറയില്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈദികന്റെ മൃതദേഹത്തില്‍ അസ്വഭാവികമായ പരുക്കുകളില്ല. തലയിലും കയ്യിലും ചെറിയ പരുക്കുകളുണ്ടെങ്കിലും ഇത് വീഴ്ചയില്‍ ഉണ്ടായാകാമെന്ന് നിഗമനം.

കോട്ടയം അയര്‍ക്കുന്നത്തിനുസമീപം പുന്നത്തുറ പള്ളിയില്‍ ഇന്നലെ കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളില്‍ മാനസികസമ്മര്‍ദത്തിലായിരുന്ന ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയെന്ന് തന്നെയാണ് സൂചന. വൈദികന്‍ വിഷാദരോഗിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ചങ്ങനാശേരി രൂപതയില്‍ ഉള്‍പ്പെട്ട പുന്നത്തുറ സെന്‍റ് തോമസ് പള്ളിയുടെ വികാരിയാണ് ഫാ.ജോര്‍ജ്.ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷമാണ് ഫാ.ജോര്‍ജിനെ കാണാതായത്. ചങ്ങനാശേരി ബിഷപ്പിനെ കാണാന്‍ മൂന്നുമണിക്ക് സമയം നിശ്ചയിച്ചെങ്കിലും അവിടെയും എത്തിയില്ല. മുറിയില്‍ തന്നെ ഉണ്ടാവുമെന്ന നിഗമനത്തിലായിരുന്നു അസിസ്റ്റന്റ് വികാരിയും ശുശ്രൂഷകനും. മൊബൈല‍് ഫോണും പള്ളിയിലെ സിസിടിവിയും ഓഫ് ആക്കിയിരുന്നു. ഇന്നു രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് െകട്ടിയിരുന്നു. ഇത് വൈദികന്‍ തന്നെ കെട്ടിയെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി സ്വയം ഓഫ് ചെയ്തതാണെന്നും കണ്ടെത്തി.

അമേരിക്കയിലായിരുന്ന വൈദികന്‍ ഫെബ്രുവരിയില‍് ലോക്ഡൗണിനു തൊട്ടുമുമ്പാണ് വികാരിയായി ചുമതലയേറ്റത്. ഇതിനുശേഷം പള്ളിയുടെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായി നാലുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും കുറേ രേഖകള്‍ കത്തിനശിക്കുകയും ചെയ്തു. രക്തസമ്മര്‍ദരോഗിയായ ഫാ.ജോര്‍ജ് ഇതിനുശേഷം മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത അറിയിച്ചു. പള്ളിയുടെ കുരിശ് മാറ്റിയത് പഴയ കാര്യമാണ്. അതും മരണവുമായി ഒരു ബന്ധവുമില്ല.വൈദികന്‍ സ്ഥലംമാറ്റത്തിനുശ്രമിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.