ഫാ. ഹാപ്പി ജേക്കബ്ബ്
പരിശുദ്ധമായ നോമ്പിന്റെ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങുകയാണ്. കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ രൂപാന്തരഭാഗം ചിന്തയിലൂടെ കടന്നുവരികയും അതനുസരിച്ച് വലിയ നോമ്പ് അനുഗ്രഹമായി നാമോരോരുത്തരുടെയും രൂപാന്തരത്തിന് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആഴ്ച നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങൾ ആണ്.

കർത്താവ് തന്റെ പ്രേക്ഷിത പ്രവർത്തനത്തിലൂടെ ജനങ്ങളുമായി അടുത്ത് പെരുമാറുകയും അവർക്ക് വേണ്ട സ്വർഗ്ഗീയമായ കൃപകൾ സ്വായത്തമാക്കുവാൻ വഴി ഒരുക്കുകയും അതിലേക്കു അവരെ ആഹ്വാനം ചെയ്യുകയും, താൻ തന്നെയാണ് യഥാർത്ഥ വഴി എന്ന് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു . ഇത്തരുണത്തിൽ കർത്താവ് കടന്നു പോകുന്ന വഴിയിൽ കുഷ്ഠ രോഗം ബാധിച്ച ഒരു മനുഷ്യൻ ഇരിക്കുന്നത് അവൻ കാണുകയും രോഗത്തെ അവൻ സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു വേദഭാഗം ആണ് ഇവിടെ ഇവിടെ നാം ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്.

കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് ഉള്ള പരിപൂർണ്ണമായ വിശ്വാസം അതാണ് ഈ ഭാഗത്ത് കാണുന്നത്. കാരണം മറ്റൊന്നുമല്ല, നാം ഒക്കെ സൗഖ്യം എന്നത്, നമ്മുടെ കഴിവ്, പ്രാപ്തി ഒന്നും അല്ല പകരം അവിടുത്തെ കൃപ മാത്രം എന്ന് തിരിച്ചറിയുവാൻ കഴിയണം.

ഇന്ന് നമ്മുടെ ലോകത്ത് ധാരാളം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കാണുകയും ഓരോ ദിനവും പുതിയതും ആധുനികവുമായ പല പല പ്രസ്ഥാനങ്ങളും ഉയർന്നു വരികയും ചെയ്യുന്നുണ്ട്. അത് നമുക്ക് നല്ലവണ്ണം അറിയുകയും അതിലൊക്കെ നാം ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാൽ അതിൽ എവിടെയെങ്കിലും ആരുടെയെങ്കിലും രോഗങ്ങളെ സൗഖ്യം ആക്കുവാൻ ഞാൻ ഉറപ്പുതരുന്നു എന്ന ഒരു ഭാഗം ഇല്ല. നമുക്ക് ബോധ്യം ഇല്ല. കാരണം നാം കാണുന്ന, ഇന്ന് നാം അനുഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് പ്രാധാന്യം ഉള്ളത്. അത് അല്ലാതെ മറ്റുള്ളവരുടെ ചിന്തകൾ, വേദനകൾ ,രോഗങ്ങൾ, നമുക്ക് അൽപ്പനേരത്തെ അനുകമ്പ അല്ലാതെ ഒരു ഭേദം വരുത്തുവാൻ നമുക്ക് കഴിയില്ല എന്ന് നാം മനസ്സിലാക്കണം.

ഇവിടെ ഈ മനുഷ്യൻ മറ്റെല്ലാ മാർഗ്ഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കാതെ വന്നപ്പോൾ ഇനി ഒരേ ഒരു മാർഗ്ഗം മാത്രമേ മുമ്പിൽ ഉള്ളൂ എന്ന് പൂർണ്ണമായി മനസ്സിലാക്കുകയും, കർത്താവ് കടന്നുവന്നപ്പോൾ അവന്റെ മുമ്പാകെ കർത്താവേ അവിടേക്ക് മനസ്സിൽ ഉണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് അവൻ വചിക്കുന്നു. അപ്പോൾ കർത്താവ് അവനോട് എനിക്ക് മനസ്സുണ്ട് നീ സൗഖ്യം ആവുക. അങ്ങനെ അവൻ സൗഖ്യപ്പെടുകയും അവനെ പിൻപറ്റുകയും ചെയ്തു. കർത്താവ് അവനോട് പറഞ്ഞു നീ പോയി നിന്നെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുകയും, മോശ കല്പിച്ചതുപോലെ ഉള്ള പരിഹാരം നടത്തുകയും ചെയ്യുക. അവൻ അപ്രകാരം ചെയ്യുകയും കർത്താവിനെ പിൻപറ്റുകയും ചെയ്തു.

ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കഠിനമായ രോഗങ്ങൾ നമുക്ക് കാണാം. അതിൻപ്രകാരം നാമോരോരുത്തരും രോഗങ്ങൾ ബാധിച്ചവരും ആണ്. പലതും ഈ മനുഷ്യന്റെ കുഷ്ഠരോഗത്തേക്കാൾ കാഠിന്യം ഏറിയതും, അതും സാധാരണ ചികിത്സാരീതികൾ ഫലിക്കാത്ത അവസ്ഥയിലുമാണ് ആണ്. അത് എപ്രകാരം എന്ന് നാം ഒന്ന് ചിന്തിക്കുവാനും ഉള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അത് നമ്മുടെ ബലഹീനതകൾ, നമ്മുടെ ദുഷ് ചിന്തകൾ, നമ്മുടെ സ്വയം ആയ ഭാവങ്ങൾ എല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇവിടെ മാനുഷികമായി ഒരു ചെറിയ പ്രവർത്തനം നമ്മുടെ ഭാഗത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.

നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ശ്രമങ്ങളും കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ തീർച്ചയായും അവൻ നമ്മോടു പറയും മകനേ മകളെ നിന്റെ രോഗം സൗഖ്യം ആക്കാം. അവിടെയും നാം ശ്രദ്ധിക്കേണ്ടത് ദൈവത്തെ കൂടുതൽ അറിയുവാനും കൂടുതൽ അവന്റെ സന്നിധിയിൽ അടുത്തു വരുവാനും ഈ കൃപകൾ കാരണം ആകണം. അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നമുക്ക് നൽകട്ടെ. മനുഷ്യരാൽ ആട്ടി അകറ്റുകയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന വിഷാദഭാവം ഉള്ള മക്കൾ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അവരുടെ രോഗമോ, രോഗലക്ഷണമോ കണ്ടാൽ നാം മനസ്സിലാക്കുകയാണെങ്കിൽ അവരെ ദൈവസന്നിധിയിൽ എത്തിക്കുവാനുള്ള ഉള്ള ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാൽ നാം പ്രാപിച്ചത് പോലും നാം മനസ്സിലാക്കാതെ പോകുമ്പോൾ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ നീയും ഇത് പോലെ രോഗി ആയിരുന്നു . എന്നാൽ ദൈവം നിന്നെ അതിൽനിന്നൊക്കെ വിമുക്തമാക്കി. ഇപ്പോൾ നീ ആയിരിക്കുന്ന അവസ്ഥയിൽ ആക്കിയതിന്റെ ഉദ്ദേശം നീയും രക്ഷയുടെ സന്ദേശം സ്വീകരിക്കുവാനും പകർന്നു കൊടുക്കുവാനും ആയിട്ടാണ്.

ഈ നോമ്പ് നമ്മെ പാപ രോഗങ്ങളിൽനിന്ന് വിമുക്തം ആക്കി അനുഗ്രഹത്തിന്റെ നല്ല ദിനങ്ങൾ നമുക്ക് നൽകട്ടെ. അതോടൊപ്പം തന്നെ കഷ്ടതയിലും, ഭാരത്തിലും, പ്രയാസത്തിലും കഴിയുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുവാൻ സാധ്യമാകണം. അപ്പോൾ മാത്രമാണ് നോമ്പ് പൂർണ്ണമാകുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ കാര്യങ്ങൾ വിസ്മരിക്കുകയും സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് മറന്നു പോവുകയും ചെയ്യുന്നു. ഇന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് കയ്യെത്തി സഹായിക്കുവാൻ നമുക്ക് സാധിച്ചില്ലെങ്കിലും അവരെ ഓർത്ത് പ്രാർത്ഥിക്കുവാനും ഓരോ വിശുദ്ധ ബലിയിലും അവരുടെ പേരുകൾ എത്തിക്കുവാനും നമുക്ക് കഴിയണം. അവരുടെ ജീവിതങ്ങൾ കർത്താവ് കാണുവാൻ നാം കാരണം ആകണം. ഓരോ ദിവസവും നാം ഉപവസിക്കുമ്പോൾ ഭക്ഷണം വർജ്ജിക്കുപോൾ മറ്റുള്ളവരെ ഓർക്കുവാനും , അവരുടെ കഷ്ടങ്ങളിൽ പങ്കുകാരും ആകണം.

നാം അധിവസിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന ഈ രോഗങ്ങൾ നമ്മൾ മൂലമാണോ എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ്. ഈ കുഷ്ഠരോഗിയുടെ സൗഖ്യദാനത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും ദൈവം കൈകൊണ്ട് നമ്മുടെ പാപ രോഗങ്ങളെ സൗഖ്യമാക്കുകയും അനേകർക്ക് അതിലൂടെ ആശ്വാസവും സൗഖ്യവും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അങ്ങനെ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസങ്ങൾ നമുക്ക് ലഭിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നോമ്പിന്റെ അനുഭവത്തിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തൽക്കാലം ഈ ഭാഗം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

ശുദ്ധമുള്ള നോമ്പേ സമാധാനതാലേ വരിക!

സ്നേഹത്തോടെ…

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.