ദൈവത്തിനും രാജ്യത്തിനുമായുള്ള സേവനങ്ങളെ സമന്വയിപ്പിച്ചു ’ദൈവരാജ്യ’സൃഷ്ടിയിൽ അഭിമാനത്തിന്റെ മുദ്ര ചാർത്തി ഒരു വൈദികൻ. തിരുവസ്ത്രങ്ങളണിഞ്ഞു തിരുവൾത്താരകളിൽ ബലിയർപ്പിക്കുന്ന ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തിൽ നിറസാന്നിധ്യമാകും. പൗരോഹിത്യശുശ്രൂഷയ്ക്കൊപ്പം ഇന്ത്യൻ കരസേനയിൽ അംഗമായി സേവനവഴികളിൽ പുത്തനധ്യായം തുറക്കുന്നതു സിഎസ്ടി സന്യസ്ത സമൂഹാംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ.
കരസേനയിൽ നായിബ് സുബേദാർ (ജൂണിയർ കമ്മീഷൻഡ് ഓഫീസർ) തസ്തികയിലാണു ഫാ. ജിസ് ജോസ് കിഴക്കേൽ സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങൾ പൂർത്തിയാക്കി പൂന നാഷണൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. സൈന്യത്തിലെ റിലീജിയസ് ടീച്ചർ എന്ന ദൗത്യമാകും ഫാ. ജിസ് നിർവഹിക്കുക. 15 വർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളിൽ സേവനം ചെയ്യും.
സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്റ് ജോസഫ് പ്രോവിൻസ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ കോതമംഗലം രൂപതയിലെ കല്ലൂർക്കാട് ഇടവകാംഗമാണ്. പരേതനായ ജോസ് വർഗീസും വൽസ ജോസുമാണു മാതാപിതാക്കൾ. 2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. ആലുവ ലിറ്റിൽ ഫ്ളവർ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരികളിലായിരുന്നു വൈദിക പരിശീലനം. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നു തത്വശാസ്ത്രത്തിൽ ബിരുദവും ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നു ബിസിഎ, എംസിഎ ബിരുദങ്ങളും നേടി. ഇടുക്കി കാഞ്ചിയാർ ജെപിഎം കോളജിന്റെ അസിസ്റ്റന്റ് മാനേജരും വൈസ് പ്രിൻസിപ്പലുമായി സേവനം ചെയ്യുന്നതിനിടെയാണു സൈന്യത്തിലേക്കെത്തുന്നത്.
വൈദികവൃത്തിയിൽ നിന്നുകൊണ്ടുതന്നെ രാജ്യത്തിനായി സേവനം ചെയ്യണമെന്നതു ദീർഘനാളത്തെ ആഗ്രഹമായിരുന്നുവെന്നു ഫാ. ജിസ് പറഞ്ഞു. ആർമിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫാ. ജിസിനെ ഫോണിലൂടെ അനുമോദനം അറിയിച്ചു.
സൈന്യത്തിലെ മതപരമായ വിഷയങ്ങളിൽ കമാൻഡിംഗ് ഓഫീസറുടെ ഉപദേശകൻ എന്ന നിലയിലാണു നായിബ് സുബേദാർ റിലീജിയസ് ടീച്ചർ പ്രവർത്തിക്കുക. സേനാംഗങ്ങൾക്കു ധാർമികവും ആത്മീയവുമായ ഊർജം പകരുക, മതപരമായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകുക, മതസൗഹാർദം വളർത്തുക, സ്ട്രസ് മാനേജ്മെന്റ്, കൗണ്സലിംഗ്, രോഗീസന്ദർശനം എന്നിവയെല്ലാം ചുമതലകളിലുണ്ട്. എല്ലാ ദിവസവും ദിവ്യബലിയർപ്പിക്കാനും വിശ്വാസ ആവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ സൈന്യത്തിലെ വിശ്വാസികൾക്കായി ആഘോഷമായ ദിവ്യബലിയർപ്പണവുമുണ്ട്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അവരുടെ ആത്മീയകാര്യങ്ങൾ നിർവഹിക്കാൻ അവ കാശം ഇന്ത്യൻ സൈന്യം നല്കു ന്നുണ്ട്.
Leave a Reply