തൃശൂര്‍: തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ എസ്‌.എഫ്‌.ഐ. പാനലില്‍ ആദ്യമായി ചെയര്‍മാനായി ചരിത്രം സൃഷ്‌ടിച്ച വൈദികന്‍ ഫാ. ജോസ്‌ ചിറ്റിലപ്പിള്ളി (71) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. സംസ്‌കാരം ഇന്നുച്ചയ്‌ക്ക്‌ 2.30 ന്‌ മുണ്ടൂര്‍ കര്‍മലമാതാ പള്ളിയില്‍.

ബിരുദാനന്തര ബിരുദ പഠനകാലത്ത്‌ (81-82) അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയം നാടുമുഴുവന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കത്തോലിക്കാസഭാ നേതൃത്വത്തിന്‌ അമ്പരപ്പായി. എസ്‌.എഫ്‌.ഐ. പാനലില്‍നിന്ന്‌ ഒരു വൈദികന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായി തെരത്തെടുക്കപ്പെട്ടത്‌ വലിയ ചര്‍ച്ചയായി. ചെയര്‍മാനായശേഷം പള്ളിച്ചുമതലകളില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം ഇന്നുരാവിലെ 6.30 മുതല്‍ ഒരു മണിക്കൂര്‍ സെന്റ്‌ ജോസഫ്‌ പ്രീസ്‌റ്റ്‌ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന്‌ മുണ്ടൂര്‍ പുറ്റേക്കരയിലെ സഹോദരന്റെ വസതിയിലും രാവിലെ 11.30 ന്‌ മുണ്ടൂര്‍ പള്ളിയിലും എത്തിക്കും. മറ്റം ചിറ്റിലപ്പിള്ളി വീട്ടില്‍ പരേതരായ തോമസ്‌ -കത്രീന ദമ്പതികളുടെ മകനാണ്‌.

ബൈബിളിനെ സാമൂഹിക പോരാട്ടങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിച്ചാണ്‌ ഫാ. ജോസ്‌ കമ്യൂണിസത്തിന്റെ അരികു ചേര്‍ന്നത്‌. അതിലൂടെ വിമോചനാശയങ്ങള്‍ പങ്കുവച്ചു. തലച്ചോറില്‍ അര്‍ബുദബാധിതനായതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു. പിന്നീട്‌ കത്തോലിക്കാ സഭയുമായി അനുരഞ്‌ജനത്തിലായി. സഭാശുശ്രൂഷകളിലടക്കം അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നു. അതിനിടെ വീണ്ടും രോഗബാധിതനായി. തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയോടു ചേര്‍ന്ന പ്രീസ്‌റ്റ്‌ ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.