കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി ഫാ. ജോസഫ് പുളിക്കലിനെ നിയമിച്ചു. കാക്കനാട് സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന സിനഡിലാണ് തീരുമാനം എടുത്തത്. സിനഡിന്‍റെ തീരുമാനം അംഗീകരിച്ച് വത്തിക്കാനില്‍ മാര്‍പാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന്‍ കാക്കനാട് സെന്റ്‌ തോമസ്‌ മൗണ്ടില്‍ സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍  മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയും പ്രഖ്യാപനം നടത്തി.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്ന്‍ നിയുക്ത മെത്രാനെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. അഭിഷേക തീയതി പിന്നീട് തീരുമാനിക്കും. മൂന്ന് വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ആയി സേവനം അനുഷ്ടിച്ച് വരികയായിരുന്നു ഫാ. ജോസ് പുളിക്കല്‍. മുണ്ടക്കയം ഇഞ്ചിയാനി സ്വദേശിയായ ഫാ. ജോസ് പുളിക്കല്‍ കെസിബിസി ജയില്‍ മിനിസ്ട്രി ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളുടെ മേല്‍നോട്ട ചുമതലയും ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയിലെ ഇഞ്ചിയാനി ഇടവക പുളിക്കല്‍ പരേതരായ ആന്‍റണി – മറിയാമ്മ ദമ്പതികളുടെ ഏകമകനായി 1964 മാര്‍ച്ച് മൂന്നിന് ആയിരുന്നു ഫാ. ജോസ് പുളിക്കലിന്റെ ജനനം. ഇഞ്ചിയാനി ഹോളി ഫാമിലി, മുണ്ടക്കയം സിഎംഎസ് എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനവും കഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജില്‍ പ്രീഡിഗ്രിയും പഠിച്ച ശേഷം പൊടിമറ്റം മേരിമാത മൈനര്‍ സെമിനാരിയിലൂടെ ആയിരുന്നു ഫാ. ജോസ് പുളിക്കല്‍ വൈദിക ജീവിതത്തിലേക്ക് കടന്നത്.

bishops

വടവാതൂര്‍ സെന്റ്‌ തോമസ്‌ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1991 ജനുവരി ഒന്നിന് വൈദികനായി. ബാംഗ്ലൂരിലെ ധര്‍മ്മാരാമില്‍ നിന്ന് ബൈബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി രൂപതാ മതബോധന വിഭാഗത്തിന്‍റെയും മിഷന്‍ലീഗിന്‍റെയും ഡയറക്ടര്‍ ആയി ഏഴു വര്‍ഷം സേവനം അനുഷ്ടിച്ചു. 2011 മുതല്‍ റാന്നി പത്തനംതിട്ട മിഷന്‍ മേഖലയുടെ ചുമതലയുള്ള സിഞ്ചല്ലൂസ്, പത്തനംതിട്ട ഫൊറോന വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014 മുതല്‍ ഇടവകകളുടെയും, സന്ന്യസ്തരുടെയും, വൈദികരുടെയും ചുമതലയുള്ള രൂപതാ സിഞ്ചല്ലൂസ് ആയി പ്രവര്‍ത്തിയ്ക്കുന്നു.

കുടുംബത്തിലെ ഏകമകനായ ഫാ. ജോസ് പുളിക്കലിന്റെ ഇഞ്ചിയാനിയിലെ കുടുംബ വക വീടും സ്ഥലവും 1994ല്‍ സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന് ദാനം നല്‍കിയിരുന്നു.

ഫാ. ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി നിയമിതനായപ്പോള്‍ യുകെയിലും ആഹ്ലാദം അലതല്ലുകയാണ്. ഫാ. ജോസ് പുളിക്കലിന്‍റെ പിതാവിന്‍റെ സഹോദരന്‍റെ കൊച്ചുമകനാണ് ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ്. മലയാളം യുകെയില്‍ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നത് ബേസില്‍ ജോസഫ് ആണ്.