ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
എഡിന്‍ബര്‍ഗ്: ഈ മാസം 21 മുതല്‍ കാണാതാകുകയും പിന്നീട് 23-ാം തീയതി വെള്ളിയാഴ്ച ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി. എം. എ. യുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എഡിന്‍ബര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ലിയോ കുഷ്ലിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങള്‍ അതിരൂപതാദ്ധ്യക്ഷന്‍ വാഗ്ദാനം ചെയ്യുകയും ഗവണ്‍മെന്റ് അധികാരികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെട്ടുകൊള്ളാമെന്ന് ഉറപ്പു നല്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അതിരൂപതയുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എഡിന്‍ബര്‍ഗ് അതിരൂപത സീറോ മലബാര്‍ രൂപതാ ചാപ്ലന്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മരണവിവരം അറിഞ്ഞ് എഡിന്‍ബര്‍ഗിലെത്തിച്ചേര്‍ന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം നാളെ വ്യാഴാഴ്ച വൈകുന്നേരം 5 :30 ന് എഡിന്‍ബര്‍ഗ് സെന്റ് കാതറിന്‍ പള്ളിയില്‍ വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ സ്‌കോട്ട്ലണ്ടിലുള്ള എല്ലാ മലയാളി വൈദികരും വിശ്വാസികളും പങ്കെടുക്കുന്നതാണ്.
റവ. ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. കോണ്‍സുലാര്‍ ചാന്‍സലറിയിലെ തലവന്‍ ശ്രീ. ഭട്ട മിസ്രയെ കാണുകയും അദ്ദേഹം പ്രോക്കുറേറ്റര്‍ ഫിസ്‌കലുമായി ബന്ധപ്പെടുകയും ഇന്ന് തന്നെ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. .
സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. സിറിയക്ക് പാലക്കുടിയില്‍ കപ്പൂച്യന്‍, ഫാ. പ്രിന്‍സ് മാത്യു കുടക്കച്ചിറകുന്നേല്‍ കപ്പൂച്യന്‍, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ എഡിന്‍ബര്‍ഗില്‍ താമസിച്ച് മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നു.
Leave a Reply