കേരളത്തിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിച്ച് അവിടെത്തന്നെ ഒരു ദശാബ്ദകാലത്തോളം അധ്യാപകൻ. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം. 22 വർഷം ചങ്ങനാശ്ശേരി രൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ കേരളത്തിൻറെ ആധ്യാത്മിക സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം. കാലം ചെയ്ത പൗവത്തിൽ പിതാവിന് വിശേഷണങ്ങൾ ഏറെയാണ്. സീറോ മലബാർ സഭയുടെ കിരീടം എന്നാണ് ബെനഡിക്ട് പതിനാറാം മാർപാപ്പ പിതാവിനെ വിശേഷിപ്പിച്ചത്.

സഭയുടെയും രൂപതയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും പിതാവ് സാധാരണക്കാർക്കും സമീപസ്ഥനായിരുന്നു. സെമിനാരിയിലെ തുടക്കക്കാരായ വൈദിക വിദ്യാർത്ഥികൾക്കു പോലും അവർ അയക്കുന്ന കത്തുകൾക്ക് പിതാവ് സ്വന്തം കൈപ്പടയിൽ മറുപടി എഴുതുമായിരുന്നു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ ലൈബ്രേറിയനും തിരുവല്ല മുത്തൂർ സെൻറ് ആന്റണീസ് ചർച്ചിന്റെ ഇടവക വികാരിയുമായ ഫാ. സ്കറിയ പറപ്പള്ളി പിതാവിനെ ഓർമ്മിക്കുന്നത് സെമിനാരി കാലഘട്ടത്തിൽ പിതാവ് അയച്ച കത്തുകളിലൂടെയും സ്നേഹ സമ്മാനമായി തന്ന പുസ്തകങ്ങളിലൂടെയും ആണ്. ഫാ. സ്കറിയ പറപ്പള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച അനുസ്മരണം വായിക്കാം.

ചില എഴുത്തുകൾ എന്നും സൂക്ഷിച്ചു വയ്ക്കേണ്ടവയാണ്. മൈനർ സെമിനാരിക്കാലം തൊട്ട് മടക്കത്തപാലിൽ മറുപടി കിട്ടും എന്ന ഉറപ്പോടെ എഴുതിയിരുന്ന കത്തുകൾ അത് പവ്വത്തിൽ പിതാവിനു മാത്രം ഉള്ളതാണ്. ഇംഗ്ലീഷ് ഭാഷയിൽ പിച്ചവച്ചു തുടങ്ങുന്ന പൗരോഹിത്യപരിശീലനത്തിൽ വെറും തുടക്കക്കാരൻ മാത്രമായ ഒരു കൗമാരക്കാരന്റെ വാക്കുകളെ ഒരു അതിരൂപതയുടെ മുഴുവൻ അദ്ധ്യക്ഷൻ തന്റെ യഥാർത്ഥമായ തിരക്കുകൾക്കിടയിലും ക്ഷമയോടെ വായിച്ചു മറുപടി എഴുതുന്നു എന്നത് ഇന്ന് ചിന്തിക്കുമ്പോൾ അത്ഭുതമാണ്.

സെമിനാരിക്കാലത്തെ ഒരോ അവധിക്കും എല്ലാ സെമിനാരിക്കാരെയും വ്യക്തിപരമായി കാണാൻ കാണിച്ച താല്പര്യവും സെമിനാരി റിപ്പോർട്ട് എന്ന ഭയത്തെ സ്നേഹോപദേശങ്ങളാക്കി മാറ്റിയതും അന്നേ അത്ഭുതത്തോടെ അനുഭവിച്ചതാണ്. രാവിലെ എത്രനേരത്തേ പാർലറിൽ എത്തിയാലും പിതാവ് വായിച്ച് ചുളുക്കം വീഴാത്ത ഒരു പത്രം പോലും കിട്ടില്ല എന്നതും അത്ഭുതമായിരുന്നു. വാർധക്യകാലത്ത് ആശുപത്രിയിൽ കണ്ടുമുട്ടിയപ്പോൾ, മുറിയിൽ കാണാൻ എത്തിയാൽ കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞ് എപ്പോഴും പുസ്തകങ്ങൾ സമ്മാനമായിത്തന്ന് യാത്രയാക്കുന്ന പിതാവ് ദീർഘനേരം സംസാരിച്ചത് സ്നേഹപൂർവ്വമായ കൗതുകത്തോടും അത്ഭുതത്തോടും കേട്ടിരുന്നതോർക്കുന്നു. ഓർമ്മയുടെ താളുകൾക്ക് ചുളിവുവീണു എന്നു തോന്നിയ കാലത്തും സാമൂഹികരംഗത്തും സഭയിലും പറയേണ്ടവ തികഞ്ഞ വ്യക്തതയോടെ പറയുന്നത് അത്ഭുതമല്ലാതെ മറ്റെന്താണ്. എന്നും അത്ഭുതങ്ങൾ സമ്മാനിച്ച് അത്ഭുതങ്ങളുടെ ലോകത്തേക്ക് യാത്രയാകുന്ന പ്രിയ പിതാവേ ഇനിയുമേറെ അത്ഭുതങ്ങൾ അങ്ങുവഴി തുടർന്നും ഞങ്ങൾക്കു ലഭിക്കാൻ ഇടയാകട്ടെ .