ന്യൂഡൽഹി: ഇങ്ങനെയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദിപറഞ്ഞ് ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി. യെമനിലെ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ശേഷം ആദ്യമായി പിറന്നമണ്ണിൽ കാലുകുത്തിയ ഫാ. ടോം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. “ഞാൻ വളരെ സന്തോഷവാനാണ്, ഈ ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദി പറയുന്നു. എല്ലാവരും അവരവർക്ക് ആകാവുന്ന വിധത്തിൽ മോചനത്തിനായി ശ്രമിച്ചു. എല്ലാവരോടും നന്ദിപറയുന്നു’ -ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.
റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 7.20ന് ആണ് ഫാ. ടോം ഉഴുന്നാലിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ, ജോസ് കെ. മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു.
പിന്നീട് ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി. സലേഷ്യൻ സഭയുടെ ബംഗളൂരു, ഡൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു.
നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും കൂടിക്കാഴ്ച ഉണ്ടായിരുന്നു. സിബിസിഐ സെന്ററിൽ 4.30ന് പത്രസമ്മേളനവും. 6.30ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ദിവ്യബലിയും അര്‍പ്പിച്ച ശേഷം രാത്രിയിൽ ഓഖ്ല ഡോണ്‍ബോസ്കോ ഭവനിലേക്കു മടങ്ങും.
Leave a Reply