നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍, കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ശ്രമിച്ചതായി അന്വേഷണ സംഘം വിലയിരുത്തി. തെളിവ് നശിപ്പിക്കലിന് കൂട്ടുനിന്ന നാദിര്‍ഷ പുനലൂരിലെ ഒരു എസ്റ്റേറ്റില്‍ ഒളിവില്‍ താമസിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ ദിലീപിനൊപ്പം ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷയെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. പൊതുരംഗത്തും നാദിര്‍ഷ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഈ സമയത്ത് പുനലൂരിലെ ഒരു എസ്റ്റേറ്റില്‍ നാദിര്‍ഷഒളിവില്‍ കഴിയുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ദിലീപുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടേതാണ് എസ്റ്റേറ്റെന്നാണ് സൂചന. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത്. പതിമൂന്ന് മണിക്കൂറോളമാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. എന്നാല്‍ അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് കണ്ടെത്തി. ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നാദിര്‍ഷയെയാണ് വിളിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യ കോള്‍ 16 സെക്കന്‍ഡായിരുന്നു.

രണ്ടാമത് സുനി വിളിച്ച് നാദിര്‍ഷയുമായി 10 മിനുട്ട് സംസാരിച്ചിരുന്നു. ഇതിനുശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ്. ദിലീപുമായി 15 മിനുട്ടോളം സംസാരിച്ചു. തുടര്‍ന്ന് ദിലീപ് ഉടന്‍ തന്നെ തന്റെ സഹോദരിയെ വിളിച്ച് സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് ദിലീപ് നാദിര്‍ഷയെ വിളിച്ച് 20 മിനുട്ടോളം സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നാദിര്‍ഷ മറച്ചുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കേസിലെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ടാണെന്നും പൊലീസ് വിലയിരുത്തുന്നു.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടു്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും നാദിര്‍ഷ ഒഴിഞ്ഞുമാറുകയാണ്.

തനിക്ക് നെഞ്ചുവേദനയാണെന്നും, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും നാദിര്‍ഷ അന്വേഷണസംഘത്തെ അറിയിച്ചു. എന്നാല്‍ അസിഡിറ്റി മൂലമുള്ള പ്രശ്‌നമേ നാദിര്‍ഷയ്ക്ക് ഉള്ളൂവെന്നാണ് സൂചന. അതിനിടെ മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.