കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനും അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യ പദവിയിലേക്കുയർത്തി. ഇതു സംബന്ധിച്ച ഒൗദ്യോഗിക രേഖയിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ചു.
ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങൾ സഭ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയ്ക്കു മാർപാപ്പ കൈമാറി.
കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത ഫാ. പയ്യപ്പിള്ളി 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം കോന്തുരുത്തിയിലാണു ജനിച്ചത്. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 12നു പൗരോഹിത്യം സ്വീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ പള്ളികളിൽ വികാരിയായും ആലുവ സെന്റ് മേരീസ് സ്കൂളിന്റെ മാനേജരുമായി സേവനം ചെയ്തു.
1924 ലെ പ്രകൃതിക്ഷോഭത്തിൽ (99ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവർക്കിടയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയാണു തന്റെ പ്രത്യേകമായ വിളി ഫാ. പയ്യപ്പിള്ളി ആദ്യമായി പ്രകാശിപ്പിച്ചത്. വൃദ്ധജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തിൽ അവർക്കായി കരുതലിന്റെ ഭവനം ആരംഭിച്ചു. സന്യാസജീവിതം ആഗ്രഹിച്ച അഞ്ചു യുവതികളെ ആലുവ ചുണങ്ങംവേലിയിൽ ഒരുമിച്ചുചേർത്തു ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുവാദത്തോടെ അഗതികളുടെ സഹോദരിമാരുടെ മഠം സ്ഥാപിച്ചു. 1927 മാർച്ച് 19ന് ആരംഭിച്ച എസ്ഡി സന്യാസിനീ സമൂഹം ഇന്നു പതിനൊന്നു രാജ്യങ്ങളിൽ 131 സ്ഥാപനങ്ങളിലൂടെ ശുശ്രൂഷ ചെയ്യുന്നു. 1500ഓളം വൃദ്ധരും 38000 ഓളം രോഗികളും അശരണരുമായവരും എസ്ഡി സന്യാസിനിമാരുടെ പരിചരണവും സ്നേഹമറിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നു. ആലുവ തോട്ടുമുഖത്താണ് എസ്ഡി ജനറലേറ്റ്.
1929 ഒക്ടോബർ അഞ്ചിനാണു ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ നിര്യാണം. സെന്റ് ജോണ്‍ നെപുംസ്യാൻ പള്ളിയിലാണു കബറിടം. 2009 ഓഗസ്റ്റ് 25നു കർദിനാൾ മാർ വർക്കി വിതയത്തിൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു നാമകരണ നടപടികൾക്കു തുടക്കമായി. ധന്യപദവിയിലേക്കുയർത്തപ്പെട്ട ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയിൽ അത്ഭുതം സ്ഥിരീകരിച്ചാൽ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെടും. മറ്റ് ഏഴു ദൈവദാസരെ കൂടി മാര്‍പാപ്പ ഇന്നലെ ധന്യപദവിയിലേക്ക് ഉയര്‍ത്തി.
Leave a Reply