തോമസ് മാത്യു

വിയന്ന: ക്രിസ്മസിന്റെ അലകളും പുതുവര്‍ഷത്തിന്റെ ലഹരിയുമായി ലോകം കുതിക്കുമ്പോള്‍ കേരളത്തിന്റെ തീരദേശത്ത് ഇനിയും കണ്ണീര്‍ ഉണങ്ങിയിട്ടില്ല. 2018 പിറക്കുമ്പോള്‍ കടല്‍ കൊണ്ടുപോയ കൂടപ്പിറപ്പുകള്‍ സമ്മാനിച്ച ഓര്‍മ്മകളും, ഇനിയും തിരിച്ചുവരാത്തവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും മാത്രമാണ് തീരത്ത് ബാക്കിയാവുന്നത്. അവര്‍ക്കു തുണയാകാന്‍ സ്നേഹ സാന്ത്വനത്തിന്റെ സംഗീതവുമായി ഫാദര്‍ വില്‍സണ്‍ മേച്ചേരിലും ഓസ്ട്രിയ വിയന്നയിലെ മലയാളി സമൂഹവും ഒത്തുചേരുകയാണ്.

2018 ജനുവരി ഏഴാം തിയതി വൈകീട്ട് ഏഴു മണിയ്ക്ക് വിയന്നയിലെ സ്റ്റാട്ട്ലൗ പള്ളിയുടെ ഹാളില്‍ കടലിന്റെ മക്കളെ സഹായിക്കാന്‍ ഓഖി റിലീഫ് ലൈവ് കോണ്‍സെര്‍റ്റ് ഒരുങ്ങുകയാണ്. സംഗീതജ്ഞന്‍ ഫാ.വില്‍സണ്‍ മേച്ചേരിയുടെ നേതൃത്വത്തിലാണ് ലൈവ് മ്യൂസിക് ഷോ നടക്കുന്നത്. ക്രിസ്മസിനെയും പുതുവര്‍ഷത്തെയും ആഘോഷമാക്കുന്ന കടലിന്റെ മക്കള്‍ ചക്രവാളങ്ങള്‍ നോക്കി വിതുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ സാധ്യമാക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുന്നതിനുവേണ്ടിയാണ് സംഗീതസന്ധ്യയുമായി ഒരുപറ്റം കലാകാരന്മാര്‍ അണിനിരക്കുന്നതെന്ന് ഫാ.വില്‍സണ്‍ പറഞ്ഞു. മെലഡിയും, അടിപൊളി ഗാനങ്ങളും കോര്‍ത്തിണക്കി നടത്തുന്ന സംഗീതവിരുന്നാകും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

മതവും ജാതിയും ഇല്ലാത്ത സംഗീതം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ ഒരുപോലെ ആലപിച്ചു തന്റെ ശബ്ദ മാധുര്യം കൊണ്ടും നന്മയുടെ സന്ദേശം വഴിയും നമ്മളെ മതസാഹോദര്യത്തില്‍ വീണ്ടും ഒരുമിച്ചുകൂട്ടിയ ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ അച്ഛനെ മലയാളികള്‍ ആരും മറന്നു കാണാന്‍ ഇടയില്ല. കലകള്‍ സമൂഹത്തിനു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന ഈ പുരോഹിതന്‍ തങ്ങളാല്‍ കഴിയുന്നത്ര ആ പാവങ്ങള്‍ക്ക് നല്‍കുവാനും അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നുകൂടി കരുതിയാണ് പരസ്‌നേഹത്തിന്റെ ശ്രുതിപ്പെട്ടി തുറന്നു അങ്ങ് വിയന്നയില്‍ സംഗീത നിശാ സംഘടിപ്പിക്കുന്നത്. സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ചു പാടിയ ഒരു പാട്ടാണ് അധികം ആരും അറിയാതെ മങ്ങിപ്പോകുമായിരുന്ന ഈ സംഗീത പ്രതിഭയെ സോഷ്യല്‍ മീഡിയയിലൂടെ ലോക മലയാളി സമൂഹം ഏറ്റെടുത്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ അച്ഛന്റെ പാട്ടും സന്ദേശവും അവരുടെ ഹൃദയത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു. എത്ര സൂക്ഷ്മതയോടെ ആണ് അദ്ദേഹം അത് പാടിയത് എന്നത് തന്നെ ആണ് അത് വൈറല്‍ ആയതിനു പിന്നിലെ രഹസ്യം. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം ഉണ്ട് അച്ഛന്റെ ദീര്‍ഘ നാളത്തെ സംഗീതസപര്യയുടെ ശക്തിയും സംഗീത പ്രതിഭയുടെ കൈയൊപ്പും വിശ്വാസത്തിന്റെ സുഗന്ധവും ഉണ്ട്.

സൈനികനായിരുന്ന ഇലഞ്ഞി മേച്ചേരി സേവിയര്‍, ലില്ലിക്കുട്ടി ദമ്പതികളുടെ മകനായി 1980 ഫെബ്രുവരിയിലാണ് ഫാദര്‍ വില്‍സണ്‍ ജനിച്ചത്. ചെറുപ്പത്തില്‍ അമ്മവീട്ടില്‍ നിന്നായിരുന്നു കുഞ്ഞുവില്‍സന്റെ പഠനം. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങിയില്ലെങ്കിലും ദിവസവും അതിരാവിലെ പള്ളിയില്‍ പോകണം എന്ന് വല്യമ്മച്ചിയ്ക്കു നിര്‍ബന്ധമായിരുന്നു. പ്രാര്‍ത്ഥനാഗീതങ്ങളാണ് കുഞ്ഞു വില്‍സന്റെ ഹൃദയത്തില്‍ സംഗീതത്തിന്റെ മുത്തുമാല കോര്‍ത്ത് നല്‍കിയത്. വില്‍സണ്‍ അച്ഛന്‍ തന്റെ സംഗീത പഠനം ആരംഭിക്കുന്നത് ബാംഗ്ലൂര്‍ സെമിനാരി പഠന കാലത്താണ്. ഇന്റര്‍ കോളേജ് മീറ്റുകളില്‍ കലാപ്രതിഭയായിരുന്ന ഫാദര്‍ വില്‍സണ്‍ തിരുവന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്ദ ബിരുദത്തില്‍ ഒന്നാം റാങ്കോടെയാണ് പാസായത്. ചലച്ചിത്ര പിന്നണിഗായകന്‍ നജീം അര്‍ഷാദായിരുന്നു രണ്ടാമതെത്തിയത്

MCBS സഭയുടെ മാഗസിനുകളുടെ ചുമതലയായിരുന്നു അച്ചനായശേഷം ആദ്യമായി ഏറ്റെടുത്ത് നടത്തിയത്. അതിനു ശേഷം സോബ്ബ് എന്ന അനാഥക്കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. നിരവധി കുട്ടികള്‍ക്ക് എന്നും കെടാവിളക്കായി അച്ചന്റെ ഈ പ്രസ്ഥാനം ഇപ്പോള്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നു. അതിനു ശേഷം സംഗീത സംവിധായകന്‍ ജെറി അമല്‍ദേവുമായ് കുറച്ചു പ്രൊജക്ടുകള്‍ ചെയ്തു. ഇപ്പോള്‍ ബിഥോവന്റെ നാട്ടില്‍ ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റിയില്‍ സംഗീതത്തില്‍ ഉപരിപഠനം അതിനോടൊപ്പം അവിടെ ഒരു കൊച്ചു ദേവാലയത്തില്‍ കൊച്ചച്ചനായും സേവനം അനുഷ്ഠിക്കുന്നു.

ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജിനോടൊപ്പം ചേര്‍ന്ന സംഗീത പരിപാടികള്‍, പ്രസക്ത ഗായകന്‍ ജി. വേണുഗോപാലിനോടൊപ്പം യുകെയില്‍ നടക്കാനിരിക്കുന്ന വേണുഗീതം മെഗാഷോ തുടങ്ങി സംഗീതലോകത്ത് ഇപ്പോഴും സജീവമാണ് ഫാദര്‍ വില്‍സണ്‍. കലയിലൂടെ ലഭിക്കുന്ന നന്മ സമൂഹത്തിലെ നിരാലംബരിലേക്കു തിരികെ എത്തിക്കാനാണ് അച്ഛന്റെ ശ്രമം.