അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ നിന്നുള്ള യാത്ര, ചരക്ക് നീക്കങ്ങൾ പുനരാരംഭിക്കാൻ ഫ്രാൻസ് തീരുമാനിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരും ലോറി ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർക്ക് കോവിഡ് നെഗറ്റീവ് ആണെങ്കിൽ യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് മടങ്ങാൻ സാധിക്കും. നിർത്തിവച്ചിരുന്ന വിമാന സർവീസുകളും ബോട്ടുകളും യൂറോ സ്റ്റാർ ട്രെയിൻ സർവീസുകളും ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും. എന്നാൽ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ താഴെയുള്ള നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണ്. 30 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന പിസിആർ ടെസ്റ്റുകൾ ചരക്കുനീക്കം നടത്തുന്ന ഡ്രൈവർമാർക്ക് നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് പരിശോധനാഫലം മെസ്സേജ് ആയി അവരുടെ ഫോണിലേക്ക് കിട്ടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സന്ദേശം ഉപയോഗിച്ച് അവർക്ക് ഫ്രാൻസിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ കോവിഡ് പോസിറ്റീവ് ആകുന്ന ഡ്രൈവർമാരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതായി ഗവൺമെൻറ് വക്താവ് പറഞ്ഞു.
ഇതിനിടെ ആവശ്യസാധനങ്ങൾക്ക് റേഷനിങ് ഏർപ്പെടുത്താൻ ടെസ്‌കോ തീരുമാനിച്ചു.
മുട്ട ,അരി ,സോപ്പ്, ടോയ്‌ലറ്റ് റോൾ തുടങ്ങിയ സാധനങ്ങൾ മേടിക്കുന്നതിന് പരിധി ഏർപ്പെടുത്താനാണ് ഇപ്പോൾ തീരുമാനമെടുത്തിരുക്കുന്നത്. മൂവായിരത്തിൽപ്പരം ലോറികൾ യുകെ ഫ്രാൻസ് അതിർത്തിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഓരോ കുടുംബത്തിനും അനുവദിക്കപ്പെട്ടിരിക്കുന്ന ആവശ്യ സാധനങ്ങളുടെ പട്ടികയ്ക്ക് പരിധി ഏർപെടുത്താനുമുള്ള നീക്കവുമായി ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്‌കോ മുന്നോട്ടുവന്നിരിക്കുന്നത് . അതോടൊപ്പം തിക്കുംതിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഒറ്റയ്ക്കൊറ്റയ്ക്ക് ഷോപ്പുകളിൽ വരുന്നതാണ് ഉചിതം എന്നുള്ള സന്ദേശം ടെസ്‌കോ നൽകി കഴിഞ്ഞു. ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്നും അനാവശ്യമായിട്ടുള്ളവ വാങ്ങിക്കൂട്ടൽ ഒഴിവാക്കാനാണ് റേഷനിങ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നുംടെസ്‌കോ അറിയിച്ചു.
ജനിതക മാറ്റം വന്ന വൈറസിനെ യുകെയിൽ കണ്ടെത്തിയത് രാജ്യത്തെ മുൻപെങ്ങുമില്ലാത്ത വിധം വൻ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത് . കൂടുതൽ വ്യാപന ശേഷിയുള്ളതും അപകടകാരിയുമാണ് പുതിയ വൈറസ് എന്ന വാർത്തകളെ തുടർന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള 40 -ൽ പരം രാജ്യങ്ങളാണ് ബ്രിട്ടന് യാത്രാവിലക്കുമായി മുന്നോട്ടുവന്നത്. ഇതിൽ ഫ്രാൻസിൽ നിന്നുള്ള ചരക്ക് നീക്കം നിലച്ചത് യുകെയെ വൻ ഭക്ഷ്യക്ഷാമത്തിലേയ്ക്ക് തള്ളി വിടുമോ എന്ന ഭയാശങ്കകൾക്കിടയിലാണ് ഗതാഗതം പുനരാരംഭിക്കാൻ തീരുമാനം ആയിരിക്കുന്നത് .
Leave a Reply