ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ മലയാളികൾക്കുള്ള സ്ഥാനം അനിഷേധ്യമാണ്. യുകെയിലെ സ്ഥിതിയും വ്യത്യസ്തമല്ല . കരുതലിലും പരിചരണത്തിലും പ്രാഗത്ഭ്യത്തിലും മലയാളി മാലാഖമാർ എന്നും മുൻപിലാണ്.

ലോകമെങ്ങുമുള്ള മലയാളികൾക്ക് പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ലണ്ടനിൽ പോർട്ട്സ്മത്ത് എൻഎച്ച്എസ്സിൽ ജോലിചെയ്യുന്ന മാത്യു സെബാസ്റ്റ്യൻ. ചങ്ങനാശ്ശേരി മാടപ്പള്ളി വെണ്ണാലിയിൽ വലിയപറമ്പിൽ മാത്യു സെബാസ്റ്റ്യൻ ലണ്ടനിൽ വരുന്നതിനുമുമ്പ് യുഎസിൽ സഹാമസിലുള്ള സഹാമസ് ഹാർട്ട് കെയർ സെൻററിലെ ലാബ് കോർഡിനേറ്ററായിരുന്നു. അങ്ങനെയാണ് ഷോൺ കോണറിയുടെ മെഡിക്കൽ സംഘത്തിൽ ഉൾപ്പെടാനുള്ള ഭാഗ്യം മാത്യുവിന് കരസ്ഥമായത്.

തങ്ങളുടെ ചികിത്സയുടെ ഫലമായി ആരോഗ്യം വീണ്ടെടുത്ത് സംസാരിക്കുന്ന ഷോൺ കോണറിയെ കണ്ടപ്പോൾ മനസ്സിലേയ്ക്ക് ഓടിയെത്തിയത് വെള്ളിത്തിരയിലെ ആ ഇതിഹാസത്തെ തന്നെയായിരുന്നു. നിശ്ചയദാർഢ്യത്തിൻെറ ആൾരൂപം. ചിരപരിചിതനായ സുഹൃത്തിനെ എന്നപോലെ ചേർത്തുനിർത്തി എടുത്ത ഫോട്ടോയുടെ മധുര സ്മരണ ഇന്നും മാത്യുവിൻെറ മനസ്സിലുണ്ട്. പിന്നീട് ജോലിസംബന്ധമായി മാത്യു ഭാര്യ സിൽവിയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്ക് താമസം മാറി. പക്ഷേ പഴയ ജോലിസ്ഥലത്തെ സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിൽ ഷോൺ കോണറിയുടെ രോഗവിവരം അന്വേഷിക്കാൻ മാത്യു മറന്നിരുന്നില്ല. കഴിഞ്ഞ ഒക്ടോബർ 31ന് അരങ്ങൊഴിഞ്ഞ ഇതിഹാസത്തിനെ പരിചരിച്ച ഓർമ്മ ഇപ്പോഴും മാത്യുവിൻെറ മനസ്സിൽ ഒളിമങ്ങാതെയുണ്ട്.