ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോസ്പിറ്റലുകളിലും ഹെൽത്ത് സെൻററുകളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്ന ഏകദേശം മൂവായിരം പേരെയാണ് ഫ്രാൻസിൽ ഉടനീളം വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. ഇത് ഫ്രാൻസിൻെറ ആരോഗ്യമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജൂലൈ പകുതിയോടെ റസ്റ്റോറന്റുകളിലും ജിമ്മുകളിലും മ്യൂസിയങ്ങളിലും പോകാൻ ഹെൽത്ത് പാസ് നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പംതന്നെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധകുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ ഉയർച്ചയാണ് ഉണ്ടായത്.

പ്രതിരോധകുത്തിവയ്‌പ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ കുത്തിവെയ്പ്പ് എടുക്കാത്ത ആശുപത്രികളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്നവർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല . ഒരു പ്രാദേശിക ദിനപത്രത്തിൻെറ കണക്കുപ്രകാരം സൗത്തേൺ ഫ്രാൻസിൽ ജോലി ചെയ്യുന്ന 7500 ആരോഗ്യപ്രവർത്തകരിൽ 450 പേരെയാണ് വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഡ് ചെയ്യപ്പെട്ട ആളുകളിൽ ഭൂരിഭാഗവും പ്രധാന ചുമതലകൾ നിർവഹിക്കാത്തവരായതിനാൽ ഇത് വലുതായി തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഹെൽത്ത് മിനിസ്റ്റർ ഒലിവിയർ വെരാൻ പറഞ്ഞു . മിക്ക സസ്പെൻഷനുകളും താൽക്കാലികം മാത്രമാണെന്നും പ്രതിരോധകുത്തിവെയ്പ്പുകൾ എടുക്കുന്നത് നിർബന്ധമാണെന്നത് മനസ്സിലാക്കി പലരും കുത്തിവെപ്പുകൾ സ്വീകരിക്കാൻ തുടങ്ങി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇറ്റലിയിലും എല്ലാ തൊഴിലാളികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു . നെതർലാൻഡിൽ ക്ലബ്ബുകളിലും ബാറുകളിലും പ്രവേശിക്കാൻ വാക്‌സിനേഷൻ നിയമം നിലവിലുണ്ട് . അതേസമയം ബ്രിട്ടൻ ശൈത്യകാലത്തിന് മുമ്പ് എല്ലാ ആരോഗ്യ സാമൂഹിക പ്രവർത്തകർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.