മോസ്കോ∙ ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം.

ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിൻ ഗ്രീസ്മൻ (38, പെനൽറ്റി), പോൾ പോഗ്ബ (59), കിലിയൻ എംബപെ (65) എന്നിവർ ഫ്രാൻസിന്റെ ലീഡുയർത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകൾ ഇവാൻ പെരിസിച്ച് (28), മരിയോ മാൻസൂക്കിച്ച് (69) എന്നിവർ നേടി.

ഗോളുകൾ വന്ന വഴി

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ, സെൽഫ് ഗോൾ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 0

18–ാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് ഫ്രാൻസ് ലീഡെടുക്കുന്നു. ബോക്സിനു തൊട്ടുവെളിയിൽ അന്റോയിൻ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മൻ ഉയർത്തിവിട്ട പന്ത് മാൻസൂക്കിച്ചിന്റെ തലയിൽത്തട്ടി വലയിലേക്ക്. സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല. സ്കോർ 1–0

ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 1

18–ാം മിനിറ്റിൽ ലീഡ് നേടിയ ഫ്രാൻസിനെ 28–ാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പം പിടിക്കുന്നു. ഡെമഗോജ് വിദയിൽനിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി. ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് പന്ത് വലയിൽ. സ്കോർ 1–1

അന്റോയിൻ ഗ്രീസ്മൻ (ഫ്രാൻസ്) ഫ്രാൻസ് 2 – ക്രൊയേഷ്യ – 1

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രൊയേഷ്യയ്ക്ക് പാരയായി വിഎആർ! ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വിഎആറിന്റെ സഹായത്തോടെ വിധിക്കുന്നു. ഫ്രാൻസിന് പെനൽറ്റി. കിക്കെടുത്ത അന്റോയിൻ ഗ്രീസ്മൻ അനായാസം ലക്ഷ്യം കാണുന്നു. സ്കോർ 2–1

പോൾ പോഗ്ബ (ഫ്രാൻസ്) ഫ്രാൻസ് 3 – ക്രൊയേഷ്യ – 1

59–ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് വർധിപ്പിക്കുന്ന കാഴ്ച. സമനില ഗോളിനായുള്ള ക്രൊയേഷ്യയുടെ സർവശ്രമങ്ങളുടെയും മുനയൊടിച്ച് ഫ്രാ‍ൻസ് ലീഡ് വർധിപ്പിക്കുന്നു. ക്രൊയേഷ്യൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് അന്റോയ്ൻ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിൽ. സ്കോർ 3–1

കിലിയൻ എംബപെ (ഫ്രാൻസ്) ഫ്രാൻസ് 4 – ക്രൊയേഷ്യ –1

ആവേശം വാനോളമുയരെ. നാലു മിനിറ്റിനിടെ പിറന്നത് രണ്ടു ഗോളുകൾ. 65–ാം മിനിറ്റിൽ കിലിയൻ എംബപെയിലൂടെ ഫ്രാൻസിന് നാലാം ഗോൾ. ലൂക്കാസ് ഹെർണാണ്ടസിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് കിലിയൻ എംബപെയിലേക്ക്. സമയമൊട്ടും പാഴാക്കാതെ എംബപെയുടെ കിടിലൻ ഫിനിഷിങ്. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ചിന് ഒന്നും ചെയ്യാനില്ല. സ്കോർ 4–1

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 4 – ക്രൊയേഷ്യ –2

നാലു മിനിറ്റിനുള്ളിൽ ക്രൊയേഷ്യ തിരിച്ചടിക്കുന്നു. ഇക്കുറി ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവ് നിർണായകമാകുന്നു. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസ് വലിയ പിഴ നൽകേണ്ടി വരുന്നു. മാൻസൂകിച്ചിന്റെ സമ്മർദ്ദം ഗോളിലേക്ക്. സ്കോർ 2–4