ബ്രെക്‌സിറ്റ് ഭീതിയില്‍ ഒട്ടേറെ കമ്പനികള്‍ ബ്രിട്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുയകയും ഉദ്പാദന പ്ലാന്റുകള്‍ ഉള്‍പ്പെടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍. തങ്ങളുടെ എക്‌സ്-ട്രെയില്‍ എസ്.യുയുവിയുടെ നിര്‍മാണത്തിനായി സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും 2016ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനത്തില്‍ നിന്ന് നിസാന്‍ പിന്നോട്ടു പോകുന്നു. നിലവില്‍ പ്ലാന്റില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതു കൂടാതെ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവെക്കുകയാണെന്നു കൂടി കമ്പനി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹൂട്ടന്‍ ആന്‍ഡ് സന്‍ഡര്‍ലാന്‍ഡ് സൗത്തിലെ ലേബര്‍ എംപിയായ ബ്രിജറ്റ് ഫിലിപ്‌സണ്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ഇതേക്കുറിച്ച് സൂചന നല്‍കി.

നോര്‍ത്ത് ഈസ്റ്റിലെ സാമ്പത്തികരംഗത്തിന് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇതെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ട്വീറ്റില്‍ അവര്‍ പറഞ്ഞു. നിസാന്റെ വിജയത്തെ ആശ്രയിച്ച് നിരവധി പേരുടെ ജീവിതങ്ങളുണ്ടെന്നും അവരുടെ ജോലി നഷ്ടപ്പെടുമെന്നും അവര്‍ പറയുന്നു. സന്‍ഡര്‍ലാന്‍ഡ് സെന്‍ട്രലിലെ ലേബര്‍ എംപിയായ ജൂലി എലിയറ്റും വിഷയത്തില്‍ പ്രതികരിച്ചു. ബ്രെക്‌സിറ്റിന്റെ ഒഴിവാക്കാനാകാത്ത വശമാണ് ഇതെന്നും രാജ്യത്ത് വ്യവസായ നിക്ഷേപം കൊണ്ടുവരുന്നതില്‍ ബ്രെക്‌സിറ്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. സന്‍ഡര്‍ലാന്‍ഡ് പ്ലാന്റിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാതിരിക്കാന്‍ എല്ലാ മാര്‍ഗ്ഗവും താന്‍ നോക്കുന്നുണ്ട്. ഇടപെടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

  കാർ മോഷ്ടാക്കളെ കരുതിയിരിക്കുക. രാജ്യത്ത് ഏറ്റവുമധികം കാറുകൾ മോഷണം പോകുന്നത് ഈ സ്ഥലങ്ങളിൽ നിന്ന്. അന്വേഷണ റിപ്പോർട്ടുമായി ഡിവിഎൽഎ

1986 മുതല്‍ സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിസാന്‍ കാറുകള്‍ ഉത്പാദിപ്പിച്ചു വരികയാണ്. 7000 ജീവനക്കാരാണ് ഇവിടെയുള്ളത്. ഈ പ്ലാന്റില്‍ നിന്നായിരിക്കും അടുത്ത തലമുറ എക്‌സ്-ട്രെയില്‍, ക്വാഷ്‌കായ് തുടങ്ങിയവ നിര്‍മിക്കുക എന്ന് 2016ല്‍ കമ്പനി അറിയിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ നിക്ഷേപത്തിന് കമ്പനി തയ്യാറായത്. എന്നാല്‍ പുതിയ തീരുമാനത്തിന് കാരണമെന്താണെന്ന് അറിയില്ലെന്ന് ബിബിസി ബിസിനസ് റിപ്പോര്‍ട്ടര്‍ റോബ് യംഗ് പറഞ്ഞു.