കടപ്പാട്; അഴിമുഖം രാകേഷ്

കന്യാസ്ത്രീ പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നിര്‍ണായക മൊഴി നല്‍കിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗം സി. ലിസി വടക്കേലിന് മഠത്തില്‍ നിന്നും വീണ്ടും ക്രൂരപീഢനങ്ങള്‍. സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെയാണ് മഠം അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജീവന് പോലും ഭീഷണിയുണ്ടെന്നും കാണിച്ച് സിസ്റ്റര്‍ ലിസി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംരക്ഷണം അനുവദിച്ചത്. പിന്നീട് എഫ്‌സിസി മദര്‍ സുപ്പീരിയറിന്റെ ഹര്‍ജി പരിഗണിച്ച് പൊലീസ് സംരക്ഷണം മജിസ്‌ട്രേറ്റ് കോടതി പിന്‍വലിക്കുകയായിരുന്നു.

ഇപ്പോള്‍ കടുത്ത മാനസിക പീഢനത്തിനാണ് സി. ലിസി ഇരയായിക്കൊണ്ടിരിക്കുന്നതെന്നാണ് അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ അഴിമുഖത്തിന് വിവരം നല്‍കുന്നത്. രോഗിയായ സിസ്റ്റര്‍ക്ക് മരുന്നുകള്‍ നല്‍കാനോ, ഭക്ഷണം നല്‍കാനോ മഠം അധികൃതര്‍ തയ്യാറാകുന്നില്ലെന്നും സിസ്റ്ററെ മുറിക്ക് പുറത്ത് ഇറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നുമാണ് പരാതി. തനിക്കെതിരെ മഠം അധികൃതരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഢനങ്ങള്‍ ചൂണ്ടിക്കാട്ടി, തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് സി. ലിസി.

പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെ സി. ലിസിയെ വീണ്ടും കന്യാസ്ത്രീ മഠത്തിന്റെ തടങ്കലില്‍ ആക്കിയിരിക്കുകയാണ്. മരുന്നു വാങ്ങിച്ചു കൊടുക്കാനോ ഭക്ഷണം നല്‍കാനോ പോലും മഠം അധികൃതര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സിസ്റ്റര്‍ക്ക് കടുത്ത പനിയായിരുന്നു. ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കുമോ എന്നു ചോദിച്ചപ്പോള്‍ വേണമെങ്കില്‍ തനിയെ ഉണ്ടാക്കി കുടിച്ചോ പാല് ഫ്രിഡ്ജില്‍ ഉണ്ടെന്നായിരുന്നു മദറിന്റെ മറുപടി. ഭക്ഷണം ഉണ്ടാക്കിയിരുന്ന വ്യക്തിയെ മാറ്റി. പ്രഷറും ഷുഗറും ന്യുമോണിയയും ഉണ്ട് സിസ്റ്ററിന്. മഠത്തില്‍ രാവിലെ ചക്കയും കപ്പയുമൊക്കെയാണ് ഉണ്ടാക്കുന്നത്. ഷുഗറും പ്രഷറുമൊക്കെ ഉള്ളതുകൊണ്ട് സിസ്റ്ററിന് അതൊന്നും കഴിക്കാന്‍ പറ്റില്ല. അതുകൊണ്ട് മുന്‍പ് സി. ലിസിക്ക് ചപ്പാത്തിയോ അതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊടുക്കുമായിരുന്നു. അതൊക്കെ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ പഴങ്കഞ്ഞിയാണ് സിസ്റ്ററിന്റെ രാവിലത്തെ ഭക്ഷണം. രോഗിയായ ഒരാളെന്ന പരിഗണനപോലും സിസ്റ്ററിന് കിട്ടുന്നില്ല. മഠത്തില്‍ നിന്നും പുറത്തേക്കിറങ്ങാനുള്ള വാതിലുകള്‍ വരെ പൂട്ടിയിട്ടിരിക്കുകയാണ്. വേസ്റ്റ് കളയാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ പോലും പറ്റുന്നില്ല. മഠത്തിന്റെ കോമ്പൗണ്ടില്‍ പോലും ഇറങ്ങാന്‍ അനുവദിക്കുന്നില്ല; സി. ലിസിയുമായി സംസാരിച്ചു മനസിലാക്കിയ കാര്യങ്ങള്‍ അഴിമുഖത്തോട് പങ്കുവച്ച കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ വാക്കുകള്‍.

ഉറ്റബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ പുറത്തു നിന്നുള്ള ആര്‍ക്കും സി. ലിസിയെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിസിടിവി കാമറകള്‍ സ്ഥാപിച്ച് സിസ്റ്ററെ കനത്ത നിരീക്ഷണത്തില്‍ വചച്ചിരിക്കുകയാണ്. ഏകാന്ത തടവിലെന്നപോലെയാണ് സി. ലിസ ഇപ്പോള്‍ അവിടെയുള്ളത്. സിസ്റ്റര്‍ മഠത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് ഇറങ്ങിപ്പോയ്‌ക്കോളാനാണ് ഇപ്പോള്‍ പറയുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ അനാഥാലയത്തില്‍ പോയി താമസിച്ചുകൂടെ എന്നാണ് മദര്‍ സുപ്പീരിയര്‍ സി. ലിസിയോട് ചോദിച്ചതെന്നാണ് സിസ്റ്റര്‍ പറഞ്ഞതെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്നു.

മഠത്തിലെ ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, സി. ലിസിയായിരുന്നു കുര്‍ബാനയ്ക്കിടയില്‍ ബൈബിള്‍ വായിക്കുന്നതും ശുശ്രൂഷ ചെയ്യുന്നതും പാട്ടുപാടുന്നതുമൊക്കെ. എന്നാല്‍ അതിനൊന്നിനും ഇപ്പോള്‍ സിസ്റ്ററെ അനുവദിക്കുന്നില്ലെന്നാണ് പരാതി. വേറെ മഠത്തില്‍ നിന്നും ആളെ വരുത്തിച്ചാണ് സി. ലിസിക്കു പകരം ഈ പ്രവര്‍ത്തികളൊക്കെ ഇപ്പോള്‍ ചെയ്യിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി സമൂഹത്തിന്റെ വിവിധ തുറകളില്‍ സുവിശേഷ വേല ചെയ്തു വന്നിരുന്നതാണ് സി. ലിസി. രാജ്യത്ത് എവിടെയും സുവിശേഷ വേല ചെയ്യാനുള്ള അനുമതി കത്ത് സഭ സിസ്റ്റര്‍ക്ക് നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം സിസ്റ്ററെ വിലക്കിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെയായതോടെ സുവിശേഷ വേലയ്ക്ക് പോകാന്‍ സിസ്റ്റര്‍ക്ക് സാധിക്കുന്നില്ല. തന്റെ അടുക്കലേക്ക് പ്രാര്‍ത്ഥനയ്ക്കു പോലും വരാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും സി. ലിസി സങ്കടം പറയുകയാണ്. പല സ്ഥലങ്ങളിലും തന്റെ ധ്യാനം ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ഇതെല്ലാം വിളിച്ചു പറഞ്ഞു റദ്ദ് ചെയ്യിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലം രൂപതയില്‍ നിന്നും ഇതുപോലെ വിളിച്ച് പറഞ്ഞ് സിസ്റ്റര്‍ നേതൃത്വം നല്‍കേണ്ടിയിരുന്ന ധ്യാനം റദ്ദ് ചെയ്യിപ്പിച്ചിരുന്നു. ഓരോയിടങ്ങളിലും സിസ്റ്ററിനെ വിളിക്കേണ്ടതില്ലെന്നു വിളിച്ചു പറയുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്കെതിരേ ഉണ്ടാകുന്ന ഈ പീഢനങ്ങള്‍ ഇത്തരത്തില്‍ വര്‍ദ്ധിക്കുകയും ഭക്ഷണമോ, മരുന്നോ കിട്ടാതെ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് സി. ലിസി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കന്യാസ്ത്രീ പീഢനക്കേസില്‍ ഈയാഴ്ച്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കേസിലെ നിര്‍ണായ സാക്ഷിക്കെതിരെ ഇത്തരം പീഢനങ്ങള്‍ നടക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്.

ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ തന്നെ വിജയവാഡ പ്രോവിന്‍സിലേക്ക് മാറ്റുകയും മാനസികവും വൈകാരികവുമായ പീഡനമാണ് അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നുമായിരുന്നു സി. ലിസി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. രോഗാവസ്ഥയിലുള്ള അമ്മയെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പോലും കേള്‍ക്കാതെയാണ് വിജയവാഡയിലേക്ക് അയച്ചതെന്നും അവിടെ നിന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്വയം രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയതെന്നും സി. ലിസി പറയുന്നുണ്ട്.

കേരളത്തില്‍ എത്തിയതിനു പിന്നാലെ വിജയവാഡയിലേക്ക് തന്നെ തിരിച്ചു പോകണമെന്നു മഠം അധികൃതര്‍ ഭീഷണി മുഴക്കിതോടെയാണ് സി. ലിസി തന്റെ അവസ്ഥകള്‍ സഹോദരങ്ങളോട് പറയുന്നതും അവര്‍ പൊലീസില്‍ പരാതി നല്‍കുന്നതും. മൂവാറ്റുപുഴയിലെ ജ്യോതിര്‍ഭവനിലെത്തിയ പൊലീസ് സി. ലിസിയെ അവിടെ നിന്നും മോചിപ്പിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. സിസ്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി. ലിസിയെ വിജയവാഡയിലേക്ക് തിരിച്ചയക്കരുതെന്നും മൂവാറ്റുപുഴയിലെ ഹോമില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതനുസരിച്ച് സി. ലിസി താമസിച്ചിരുന്ന മൂവാറ്റുപുഴ ജ്യോതിര്‍ഭവനില്‍ പൊലീസ് സംരക്ഷണം ഒരുക്കിയത്. എന്നാല്‍ പൊലീസുകാരി മഠത്തില്‍ താമസിച്ച് സുരക്ഷ നല്‍കുന്നതില്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അധികൃതര്‍ കോടതിയില്‍ പരാതി നല്‍കുകയാണുണ്ടായത്. സിസ്റ്റര്‍ ലൂസിക്ക് എഫ് സി സിയുടെ മഠത്തില്‍ താമസിക്കണമെങ്കില്‍ സഭനിയമം അനുസരിക്കേണ്ടി വരുമെന്നും മദര്‍ സുപ്പീരിയര്‍ പറഞ്ഞിരുന്നു. ഇതിന്‍പ്രകാരമാണ് പൊലീസ് സംരക്ഷണം നീക്കുന്നത്. അതേസമയം സിസ്റ്റര്‍ക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സി.ലിസി മൂവാറ്റുപുഴ ഹോമില്‍ താമസിച്ചു പോരുന്നത്.

സി. ലിസിയുടെ പരാതികളെ തള്ളിക്കൊണ്ട് വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗൗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ട് സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളായിരുന്നു സി. ലിസി നടത്തിപ്പോന്നിരുന്നതെന്നും കഴിഞ്ഞ 14 വര്‍ഷങ്ങളായി വിജയവാഡ പ്രോവിന്‍സിന്റെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴയിലെ ഹോമില്‍ സി. ലിസി അനധികൃതമായി കഴിയുകയായിരുന്നുമെന്നാണ്. സി. ലിസിയെ വഴിമാറി നടക്കുന്ന സഹോദരി എന്നായിരുന്നു എഫ്‌സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിമര്‍ശിക്കുന്നതും. ഫ്രാങ്കോ കേസില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ടല്ല സി. ലിസിയെ വിജയവാഡയിലേക്ക് സ്ഥലം മാറ്റിയതെന്നു കൂടി എഫ്‌സിസി മഠം അധികൃതര്‍ വാദിച്ചിരുന്നു. എന്നാല്‍ വാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ സിസ്റ്റര്‍ക്കെതിരേ കെട്ടിച്ചമച്ചവയാണെന്നാണ് ഇപ്പോള്‍ സി. നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങള്‍ തെളിയിക്കുന്നതെന്നാണ് പരാതികള്‍ ഉയരുന്നത്.