എരുമേലി: ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരിയും സഹായിയും പോലീസ് കസ്റ്റഡിയില്‍. എരുമേലി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജഷ്‌ന(30), പണം കൈമാറിയ എരുമേലി വേങ്ങശേരി അബു താഹിര്‍(25) എന്നിവരാണ് അറസ്റ്റിലായത്. തട്ടിയെടുത്ത പണം മുഴുവന്‍ ആണ്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയതായും ഭര്‍ത്താവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ജഷ്‌ന വ്യക്തമാക്കി.

ഒപ്പം പിടിയിലായ അബു താഹിര്‍ ജഷ്‌ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപമുള്ള പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. നാലരക്കിലോയോളം സ്വര്‍ണാഭരണങ്ങളാണ് യുവതി തട്ടിയെടുത്തത്. പണം സുഹൃത്തുക്കളുടെ കൈവശമാണെന്നാണു യുവതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. അയല്‍വാസിയായ അനീഷാണ് 50 ലക്ഷം രൂപയും കൈക്കലാക്കിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവരുടെ മൊഴിപ്രകാരം മറ്റ് നാലു പേര്‍ കൂടി പ്രതികളാകും. ഡി.വൈ.എഫ്.ഐ. എരുമേലി മേഖലാ കമ്മിറ്റി സെക്രട്ടറിയാണ് ഭര്‍ത്താവ് അജി. തട്ടിയെടുത്ത പണവുമായി തനിക്കു ബന്ധമില്ലെന്നും വായ്പയെടുത്താണ് താന്‍ വീടു നിര്‍മിക്കുന്നതെന്നും അജി പറഞ്ഞു.

മുന്‍പ് രണ്ടു വര്‍ഷം വിദേശത്തായിരുന്ന അജി എരുമേലിയില്‍ അപ്‌ഹോള്‍സ്റ്ററി ജോലി ചെയ്തു വരികയായിരുന്നു. അയ്യായിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജഷ്‌ന സ്ഥാപനത്തിന്റെ വിശ്വസ്തയായിരുന്നു. അവധിപോലും എടുക്കാതെയാണു ജോലി ചെയ്തിരുന്നത്. ഈ കാലയളവിനിടയില്‍ സ്ഥാപനത്തിലെ പണയ ഉരുപ്പടികള്‍ മറിച്ചുവച്ച് ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയായിരുന്നു എന്ന് കണ്ടെത്തി. യുവതിയുടെ ആണ്‍സുഹൃത്തുക്കളായ മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തട്ടിപ്പു പുറത്തറിയുന്നത്. ഏഴു വര്‍ഷമായി മുളമൂട്ടില്‍ ഫിനാന്‍സിന്റെ എരുമേലി ശാഖയില്‍ ജോലി ചെയ്തു വരികയായിരുന്നു ജഷ്‌ന. മൂന്നു വര്‍ഷം മുമ്പാണ് തട്ടിപ്പു തുടങ്ങിയത്. തിരിച്ചടയ്ക്കല്‍ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനത്തേിലോ മറ്റു ബാങ്കുകളിലോ പണയം വയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതില്‍ കുറച്ചു സര്‍ണം വിറ്റു. ഇത്തരത്തില്‍ മറ്റു ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയം വച്ച സ്വര്‍ണം പോലീസ് തിരികെയെടുക്കും. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ക്ക് കൃത്യമായ പലിശയടച്ചിരുന്നതിനാല്‍ സ്ഥാപന ഉടമകള്‍ക്കും സംശയം തോന്നിയിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈദ് അവധിക്ക് ജഷ്‌ന രണ്ടു ദിവസം അവധിയില്‍ പോയതോടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി നടത്തിയ പരിശോധനയില്‍ ലോക്കറില്‍ ഇരിക്കുന്നത് സ്വര്‍ണമല്ലെന്നു കണ്ടെത്തുകയായിരുന്നു. സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകള്‍ അഴിച്ചെടുത്ത് സ്വര്‍ണം മാറ്റി പകരം നാണയ തുട്ടുകള്‍ നിക്ഷേപിച്ച് കൃത്യമായ തൂക്കത്തിലാക്കി വച്ചിരുന്നു. പിന്നീട് സ്ഥാപന അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കോടി മുപ്പതു ലക്ഷം രൂപയും സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവില്‍ പോയി.

തുടര്‍ന്ന് സഹോദരന്റെ മൊബൈലിലേക്കു വന്ന കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മലപ്പുറത്തുള്ള ബന്ധുവിന്റെ വീട്ടിലാണെന്ന് അറിഞ്ഞു. ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തു പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഇമ്മാനുവേല്‍ പോള്‍, സി.ഐ: ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ. മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.