ന്യൂസ് ഡെസ്ക് മലയാളം യുകെ
ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാലമാണ് ക്രിസ്തുമസ് . എന്നാൽ ക്രിസ്തുമസ് കാലത്ത് പലവിധ തട്ടിപ്പുകളും അരങ്ങേറാറുണ്ട്. മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ തട്ടിപ്പുകാർക്ക് പെട്ടെന്ന് എല്ലാവരിലേയ്ക്കും എത്തിച്ചേരാൻ സാധിക്കും എന്നത് ഈ രീതിയിലുള്ള പ്രവർത്തനങ്ങളുടെ എണ്ണം കൂടുതൽ ആകാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. ക്രിസ്തുമസ് അനുബന്ധമായ സാധനങ്ങൾ വാങ്ങിക്കുന്ന തിരക്കിനിടയിൽ യുകെയിൽ ഒട്ടേറെ പേർ കബളിക്കപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൈബർ വിഭാഗങ്ങൾ നൽകി കഴിഞ്ഞു.
വിവിധ ഇളവുകളെ കുറിച്ചുള്ള ഒട്ടേറെ മെസ്സേജുകളാണ് ഈ രീതിയിൽ അയക്കപ്പെട്ടിരിക്കുന്നത് എന്ന് ഇ ഇ നെറ്റ്വർക്ക് അറിയിച്ചു. ഈ രീതിയിലുള്ള പല മെസ്സേജുകളും തുറക്കുന്നതിലൂടെയോ അതിൽ പറഞ്ഞിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ നമ്മുടെ സുപ്രധാന വിവരങ്ങൾ കബളിപ്പിക്കാൻ ലക്ഷ്യം വച്ചിരിക്കുന്നവരിലേയ്ക്ക് എത്തിച്ചേരാം എന്നതാണ് ഇതിൻറെ അപകട സാധ്യത. ഇത് കൂടാതെയാണ് ഇത്തരം മെസേജുകൾ വഴിയായി നമ്മുടെ ഫോണിലേക്ക് അത്യന്തം ഹാനികരമായ സോഫ്റ്റ്വെയറുകൾ കടന്നു കൂടാനുള്ള സാധ്യതയെ കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം ക്രിസ്തുമസിന്റെ മുമ്പുള്ള ദിവസങ്ങളിൽ ഇ ഇ നെറ്റ് വർക്കിന്റെ ഉപഭോക്താക്കളുടെ ഫോണുകളിലേയ്ക്ക് വന്ന മൂന്ന് ദശലക്ഷത്തോളം എസ്എംഎസ് തട്ടിപ്പുകൾ തടയാനായി എന്ന് കമ്പനി അറിയിച്ചു. 2023 – ൽ മാത്രം സമാനമായ തട്ടിപ്പുകളുടെ 45 ദശലക്ഷത്തിലധികം മെസ്സേജുകളാണ് ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പുകാർ അയച്ചിരിക്കുന്നത്. അജ്ഞാത ഉറവിടത്തിൽ നിന്ന് ലഭിക്കുന്ന മെസ്സേജുകൾ തുറക്കാതിരിക്കുക, ബാങ്ക് വിശദാംശങ്ങളും പാസ്സ് വേർഡുകളും ഒരിക്കലും ഇത്തരം മെസേജുകളുടെ ഭാഗമായ വെബ്സൈറ്റുകളിൽ കൊടുക്കാതിരിക്കുക തുടങ്ങിയ കർശനമായ നിർദ്ദേശങ്ങളാണ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഈ രംഗത്തെ വിദഗ്ധർ നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ
Leave a Reply