ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കെയർ പാക്കേജ് ക്ലെയിം ചെയ്യുന്നതിനായി നാഡീസംബന്ധമായ അസുഖമുണ്ടെന്നഭിനയിച്ച് ലോക്കൽ അതോറിറ്റിയെ 12 വർഷം കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മൂന്നംഗ കുടുംബം ജയിലിലേക്ക്. ഹിച്ചിനടുത്തുള്ള വെസ്റ്റൺ ഗ്രാമത്തിൽ നിന്നുള്ള കുടുംബം 2005 ഓഗസ്റ്റ് 1 നും 2018 നവംബർ 30 നും ഇടയിൽ കൗൺസിലിൽ നിന്ന് വ്യാജ രോഗത്തിന്റെ മറവിൽ 733,936 പൗണ്ട് തട്ടിയെടുത്തു. ദമ്പതികളായ ലോറ, ഫിലിപ്പ് ബോറെൽ, ബോറെലിന്റെ അമ്മ ഫ്രാൻസിസ് നോബിൾ എന്നിവരാണ് പ്രതികൾ. 66 കാരിയായ നോബിളിന് മസ്തിഷ്ക തകരാറുണ്ടെന്ന് അവർ ഹെർട്ട്ഫോർഡ്ഷയർ കൗണ്ടി കൗൺസിലിനെ ബോധ്യപ്പെടുത്തി. ഇങ്ങനെയാണ് പണം തട്ടിയത്.
2020 ജൂണിൽ ഇവർ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ 2022 ഏപ്രിൽ 27 ന് സെന്റ് ആൽബൻസ് ക്രൗൺ കോടതിയിൽ മൂവരുടെയും വിചാരണ ആരംഭിച്ചു. ജൂൺ 24ന് ശിക്ഷ വിധിക്കും. ഒരു തദ്ദേശ സ്ഥാപനത്തിനെതിരെ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജർമ്മനിയിൽ കഴിയുന്ന ഇവർ കേസിന്റെ ഭാഗമായി യുകെയിൽ എത്തി. എന്നാൽ ഫ്രാൻസിസ് നോബിൾ ഇപ്പോഴും ബെർലിനിലാണ്.
അതേസമയം 2017-ൽ, 39 വയസ്സുള്ള ലോറ ദിസ് മോർണിംഗ് പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് താൻ ഫ്രണ്ടോടെമ്പോറൽ ഡിമെൻഷ്യ ബാധിതയാണെന്ന് പറയുകയുണ്ടായി. ഈ രോഗനിർണയം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളാണ് താനെന്ന് അവൾ അവകാശപ്പെട്ടു. എന്നാൽ ദമ്പതികളുടെ മറ്റ് കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതുന്നില്ല.
Leave a Reply