ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളമുള്ള 750 സ്‌കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകൾ ആരംഭിക്കും. ഏപ്രിൽ 22 ചൊവ്വാഴ്ച മുതൽ 750 സ്കൂളുകളിൽ പദ്ധതി നടപ്പിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജൂലൈ വരെ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന പദ്ധതിയിൽ ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് അരമണിക്കൂർ സൗജന്യ പ്രഭാത ശിശു സംരക്ഷണത്തിന്റെ പ്രയോജനം ലഭിക്കും.
എന്നാൽ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് വിവിധ തലത്തിൽ കടുത്ത ആശങ്കകളും ഉയർന്നു വന്നിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്ന ഫണ്ടിന്റെ അപര്യാപ്തത വിവിധ അധ്യാപക സംഘടനകൾ ചൂണ്ടി കാണിച്ചു. എന്നാൽ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ ഇംഗ്ലീഷ് പ്രൈമറി സ്‌കൂളിലും സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ലേബർ പാർട്ടി പറഞ്ഞിരുന്നു.
നിലവിൽ 30 മില്യൺ പൗണ്ട് ആണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് ക്ലബ്ബുകളുടെ രൂപീകരണം ഒട്ടുമിക്ക സ്കൂളുകളുടെയും ഹെഡ് ടീച്ചേഴ്സ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഫണ്ടിന്റെ അഭാവം ആണ് എല്ലാവരും പൊതുവെ ചൂണ്ടി കാണിക്കുന്ന ഒരു ന്യൂനത. പ്രോഗ്രാമിൻ്റെ പിന്നിലെ ഉദ്ദേശ്യങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെങ്കിലും ഫണ്ടിംഗ് പര്യാപ്തമല്ല എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടതെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സിൻ്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു.
കുട്ടികളുടെ ദാരിദ്ര്യത്തിൻ്റെ പോരായ്മ നീക്കം ചെയ്യുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയിൽ പ്രഭാത ഭക്ഷണ ക്ലബ്ബുകൾക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് പൈലറ്റ് സ്കീമിൽ ചേരുന്ന ആദ്യത്തെ 750 സ്കൂളുകളെ പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. സ്കീമിന് കീഴിൽ, ക്ലബ്ബുകളിലെ ഹാജർനിലയെ അടിസ്ഥാനമാക്കി സ്കൂളുകൾക്ക് സർക്കാർ പണം തിരികെ നൽകും. പൈലറ്റ് സ്കീമിൽ 50% പങ്കാളിത്തമുള്ള ഒരു സ്കൂളിന് പ്രതിവർഷം 23,000 പൗണ്ട് ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
Leave a Reply