ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ഈസ്റ്റ്‌ യോർക്ക് ഷെയറിലെ ഡ്രിഫീൽഡിൽ രണ്ടു പോൾട്രി ഫാമുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങി. വെള്ളിയാഴ്ച ഉണ്ടായ തീ നിരവധി അഗ്നിശമനസേനാംഗങ്ങളുടെ പരിശ്രമത്തിലാണ് അണയ്ക്കുവാൻ സാധിച്ചത്. തീ അണച്ചതിനു ശേഷവും ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യു ടീമംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം ആണെന്നും, ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങിയതായും അഗ്നിശമനസേനാ അംഗങ്ങൾ അറിയിച്ചു. തനിയെ ഉണ്ടായ തീപിടുത്തം ആണെന്നും, ബാഹ്യ കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


ശനിയാഴ്ച ഉച്ചയോടെ തീ അണച്ചു എങ്കിലും, വീണ്ടും സംഭവസ്ഥലത്ത് തങ്ങൾ നിരീക്ഷണം നടത്തിയതായി ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ അറിയിച്ചു. വലിയ തോതിലുള്ള തീപിടുത്തം ആണ് ഉണ്ടായതെന്ന് പ്രദേശവാസികളും അറിയിച്ചു. ഫെയ് സ്ബുക്കിൽ പങ്കുവെച്ച ഡ്രോൺ ഫൂട്ടേജിലൂടെയാണ് അപകടത്തിന്റെ തോത് ജനങ്ങൾ അറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉടൻതന്നെ അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ആദ്യം അഗ്നിശമനസേനയുടെ രണ്ടു വണ്ടികൾ മാത്രമാണ് സംഭവസ്ഥലത്ത് എത്തിയത്. എന്നാൽ പിന്നീട് അപകടത്തിന്റെ തോത് കണക്കിലെടുത്ത് ആറു വണ്ടികളാണ് രക്ഷാപ്രവർത്തനത്തിന് എത്തി.