വർക്കല : ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് ഏഴുപത്തിമൂന്ന് വർഷം പിന്നിടുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ സ്വതന്ത്രരാണോ? സ്വാതന്ത്ര്യം എന്നാൽ എന്തും ചെയ്യാൻ ഉള്ള അവകാശം അല്ല എന്ന സന്ദേശം നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വേഗം കൂടിയ മനുഷ്യൻ എന്ന യു ആർ എഫ് ബഹുമതി നേടിയ മാന്ത്രികൻ “സ്വാതന്ത്ര്യം തന്നെ അമൃതം” എന്ന പേരിൽ അവതരിപ്പിച്ച സാഹസിക പ്രകടനം കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അറുപതടി നീളമുള്ള ചങ്ങലയും നാൽപത്തഞ്ച് താഴുകളുമുപയോഗിച്ചു ബന്ധിച്ച് ശിരസ്സ് പുറത്തു വരുന്ന രീതിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ ബന്ധിച്ചു. മാന്ത്രികന്റെ തലയിലേക്ക് വീഴത്തക്ക രീതിയിൽ നൂറ്റിയിരുപത് കിലോയോളം ഭാരമുള്ള ഒരു കൂറ്റൻ മഴു ടൈമറിൻ്റെ സഹായത്തോടെ ഒരുക്കിയിരുന്നു. അറുപത് സെക്കന്റ് പൂർത്തിയാകുമ്പോൾ മഴുവിനെ പിടിച്ചു നിർത്തിയ ടൈമർ മഴുവിന്റെ ബന്ധം വിച്ഛേദിക്കുകയും മഴു മാന്ത്രികന്റെ തലയിലേക്ക് വീഴുകയും ചെയ്യും. മാന്ത്രികനെ സ്റ്റാൻഡിൽ ബന്ധിച്ച ഉടനെ ടൈമർ പ്രവർത്തനം ആരംഭിച്ചു. അറുപത് സെക്കന്റ് പൂർത്തിയായതും മഴു താഴേക്ക് പതിച്ചു. എന്ത് സംഭവിച്ചു എന്നറിയാതെ കാണികൾ ഞെട്ടി നിൽക്കുമ്പോൾ ദേശീയ പതാകയുമേന്തി കാണികളുടെ മുമ്പിൽ ഹാരിസ് താഹ ചെറുപുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടു.
രണ്ടു വർഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് ഇത്രയും അപകടം നിറഞ്ഞ ഈ എസ്‌ക്കേപ്പ് മാജിക്ക് ചെയ്യാൻ ഹാരിസ് താഹ തയാറായത്. മാജിക്കു കൂടാതെ ചിത്രകലയിലും പാഴ് വസ്തുക്കക്കളിൽ നിന്ന് പ്രത്യേകിച്ച് ചിരട്ടകളിൽ നിന്ന് മനോഹര കലാസൃഷ്ടികൾ നടത്തുന്നതിനും നിപുണനാണ്.

വർക്കല പാരഡൈസ് പബ്ലിക് സ്‌കൂളിലെ പി ആർ ഒ ആയി വർക്ക് ചെയ്യുന്ന ഹാരിസ് താഹ കേരളത്തിലെ മജീഷ്യൻമാരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജീഷ്യൻസ് അസോസി യേഷന്റെ സംസ്ഥാന പ്രസിഡന്റ് ആണ്. ശ്രമകരമായ മാന്ത്രിക വിദ്യ അവതരിപ്പിച്ച്  ജനഹൃദയങ്ങളിൽ ഇടം പിടിച്ച ഹാരിസ് താഹ യുവ സമൂഹത്തിന് മാതൃകയാണെന്ന് യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം ജൂറി ചെയർമാൻ ഡോ.ഗിന്നസ് സുനിൽ ജോസഫ് ,ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ അഭിനന്ദിച്ചു.