ഒരു ഡച്ച് സഫാരി പാര്‍ക്കില്‍ തങ്ങളുടെ കാറില്‍ നിന്നും പുറത്തിറങ്ങി പുല്‍മൈതാനത്ത് ഉലാത്തിയ ഒരു കുടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്ത ചീറ്റകളില്‍ നിന്നും അവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. ആ പുല്‍മേട്ടില്‍ നിന്ന് കൊണ്ട് ചിത്രം എടുക്കാനാണത്രെ അവര്‍ കുടുംബമായി കാറില്‍ നിന്നും പുറത്തിറങ്ങിയത്.

നെതര്‍ലാന്‍ഡിന് തെക്ക് ഭാഗത്തുള്ള ഒരു ഡ്രൈവ് ത്രൂ ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് സഫാരി പാര്‍ക്ക് ആണ് ബീക്‌സ് സെ ബേര്‍ജന്‍. അവിടം സന്ദര്‍ശിക്കുന്നവരാരും സ്വന്തം വാഹനത്തില്‍ നിന്നും പുറത്ത് ഇറങ്ങരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.  അഞ്ചു പേരടങ്ങുന്ന ഒരു കുടുംബം ഈ നിര്‍ദേശത്തെ അവഗണിച്ച് ചീറ്റകള്‍ വെയില്‍ കായുന്ന ഇടത്ത് കാറില്‍ നിന്നും പുറത്ത് ഇറങ്ങുന്നതായി അവരുടെ പിന്നില്‍ വന്ന ഒരു കാറിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവര്‍ക്കരികിലേയ്ക്ക് ചീറ്റകള്‍ ഓടി എത്തുമ്പോള്‍ അവര്‍ പെട്ടെന്ന് തിരികെ കാറില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും അതിനിടെ ഒരു ചീറ്റയെ അവര്‍ പ്രകോപിപ്പിക്കുന്നുമുണ്ട്. നെല്ലിട വ്യത്യാസത്തിന് ജീവാപായം ഉണ്ടാകാതെ രക്ഷപ്പെട്ടെങ്കിലും അല്‍പ ദൂരം കൂടി ഡ്രൈവ് ചെയ്ത് പോയതിനു ശേഷം അവര്‍ വീണ്ടും പുറത്തിറങ്ങിയത്രേ.

അവിടം സന്ദര്‍ശിക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിക്കാറുള്ളതാണെന്നും ആ നിര്‍ദേശങ്ങള്‍ അവര്‍ അവഗണിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി എന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.വിവിധ ഭാഷകളില്‍ ഈ നിര്‍ദേശങ്ങള്‍ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പാര്‍ക്കിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.