ലോകത്തിലെ വന്‍കിട പാലുല്‍പ്പന്ന കമ്പനിയായ ലാക്റ്റലിസിന്റെ പാല്‍പ്പൊടി 83 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു. പാല്‍പ്പൊടിയില്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാല്‍മൊണെല്ല ബാക്ടീരിയയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കല്‍ നടപടി. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നായി ഏതാണ്ട് 120 ലക്ഷം പാക്കറ്റ് പാല്‍പ്പൊടിയാണ് ഫ്രഞ്ച് കമ്പനി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാല്‍പ്പൊടിയില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം കമ്പനി സിഇഒ ഇമ്മാനുവല്‍ ബെസ്‌നീര്‍ നേരിട്ട് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ വന്‍കിട പാലുല്‍പ്പന്ന കമ്പനിയായ ലാക്റ്റലിസിന്റെ മാര്‍ക്കറ്റിനെ പിന്‍വലിക്കല്‍ നടപടി സാരമായി ബാധിക്കാനാണ് സാധ്യത. വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള കമ്പനിയാണ് ലാക്റ്റലിസ്.

ഫ്രാന്‍സില്‍ ബാക്ടീരിയ ഉള്‍പ്പെട്ട പാല്‍പ്പൊടി ഉപയോഗിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് പാല്‍പ്പൊടിക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയതായി ഫ്രാന്‍സ് കാര്‍ഷിക മന്ത്രി അറിയിച്ചു. പാല്‍പ്പൊടിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 36 പരാതികളാണ് പാല്‍പ്പൊടിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ കമ്പനിയുടെ നിലവിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ഉല്‍പ്പന്നം 3 ഘട്ടങ്ങളിലായി തിരിച്ചുവിളിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഫ്രാന്‍സിലെ പ്ലാന്റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.