യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ പരിശീലന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനത്തിനായി നിയോഗിച്ചിരിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് ആയിരിക്കും ഇത് നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയും പൂര്‍ണ്ണത നേടാനുള്ള ശ്രമങ്ങളെയും എങ്ങനെയായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരിക്കും ടാസ്‌ക്‌ഫോഴ്‌സിന്റെ ജോലി. പണം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിദ്യാര്‍ത്ഥി ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍, സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് പുറത്തെത്തുന്നതു തന്നെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വീര്യം ചോര്‍ത്താറുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.

സ്വതന്ത്രമായി നിന്ന് പഠിക്കുക, അതിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പുതിയൊരു സ്ഥലവും തീര്‍ത്തും അപരിചിതരുമായുള്ള സഹവാസവും ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളു. അത്തരം സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമായ യൂണിവേഴ്‌സിറ്റി ജീവിതം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. എജ്യുക്കേഷന്‍ ട്രാന്‍സിഷന്‍സ് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനുള്ള ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ യൂണിവേളഴ്‌സിറ്റീസ് യുകെ, യുസിഎഎസ്, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂണിവേഴ്‌സിറ്റി പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. കോഴ്‌സുകളുടെ ആരംഭത്തില്‍ ഡിപ്രഷന്‍, അമിതാകാംക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2014-15 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ 73 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.