ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ കൂടുതലായി അനുവദിക്കാനുള്ള നീക്കത്തിന് അംഗീകാരം നല്‍കി ലോര്‍ഡ്‌സ്. സെപ്റ്റംബര്‍ മുതല്‍ കാലപരിധി കുറഞ്ഞതും കൂടുതല്‍ ഗൗരവമുള്ളതുമായ ഈ കോഴ്‌സുകള്‍ക്കായി അധിക ഫീസ് ഈടാക്കാനും യൂണിവേഴ്‌സിറ്റികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ സാധാരണ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ ട്യൂഷന്‍ ഫീസ് ഇനത്തില്‍ രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 പൗണ്ട് ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിലവില്‍ ചില യൂണിവേഴ്‌സിറ്റികള്‍ ഫാസ്റ്റ്ട്രാക്ക് ഡിഗ്രി കോഴ്‌സുകള്‍ നല്‍കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നു. പക്ഷേ, അവക്കായി എത്തുന്നവര്‍ വളരെ ചുരുക്കമാണ്.

കൂടുതല്‍ അധ്യാപന സമയം ആവശ്യമാണെന്നതിനാലാണ് രണ്ടു വര്‍ഷ കോഴ്‌സുകള്‍ക്ക് 20 ശതമാനം അധിക ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 11,000 പൗണ്ടാണ് ഫീസിനത്തില്‍ നല്‍കേണ്ടി വരുന്നത്. മൂന്നു വര്‍ഷക്കാര്‍ക്ക് ഇത് 9250 പൗണ്ടാണ്. എങ്കിലും രണ്ടു വര്‍ഷക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 20 ശതമാനം കുറവ് ഫീസ് മാത്രമേ ആകുന്നുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. കുടുംബപരമായ ചുമതലകളുള്ളവര്‍ക്കും ജോലികള്‍ ചെയ്യുന്നവര്‍ക്കും അനുയോജ്യമായവയാണ് രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകളെന്നും വിലയിരുത്തപ്പെടുന്നു. മൂന്നു വര്‍ഷം പഠിച്ചു നേടുന്ന ഡിഗ്രിക്ക് തുല്യമാണ് രണ്ടു വര്‍ഷം കൊണ്ട് ലഭിക്കുന്ന ഡിഗ്രിക്കും ഉള്ളത്. താമസത്തിനും മറ്റു ചെലവുകള്‍ക്കാമായി ചെലവാകുന്ന പണവും രണ്ടു വര്‍ഷ കോഴ്‌സിലൂടെ ലാഭിക്കാനാകുമെന്നതും മറ്റൊരു നേട്ടമാണ്.

മുതിര്‍ന്നതിനു ശേഷം ഡിഗ്രി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ രീതി അനുഗ്രഹമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ആധുനിക കാല നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ ക്രിസ് സ്‌കിഡ്‌മോര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റികളും ഈ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.