മലയാളം യുകെ ന്യൂസ് സ്പെഷ്യൽ
ത്രിതല ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ തകൃതിയായി പുരോഗമിക്കുകയാണ്. പഞ്ചായത്ത് രാജ് നിയമം നിലവിൽ വരികയും, വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവൺമെന്റുകൾ വകയിരുത്തുന്ന തുകയിൽ നല്ലൊരു ശതമാനം ഗ്രാമ പഞ്ചായത്തുകൾ വഴി ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ നാടിൻറെ വികസനത്തിൻെറ ചാലകശക്തിയായി തീർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അതിപ്രസരണങ്ങളില്ലാതെ സാമൂഹികപ്രതിബദ്ധതയും യുവത്വവും നിറഞ്ഞ നേതൃത്വം ത്രിതല പഞ്ചായത്തുകളിലേക്ക് കടന്നു വരേണ്ടത് നാടിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് ജനങ്ങളുടെ സ്വീകാര്യത നേടാനായി ഇരുമുന്നണികളും വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
ജനങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ , പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ. കേരളത്തിൻറെ പലഭാഗങ്ങളിലും ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ജനം കരുതുന്നത്. കാരണം നാട്ടുകാരുടെ ഓരോ വിശേഷങ്ങളിലും വിഷമങ്ങളിലും ഓടിയെത്തുന്നവരാണ് അവർ. വീടിനുള്ളിൽ ഒരു പാമ്പിനെ കണ്ടാൽ പോലും ആദ്യം വിളി വരിക വാർഡ് മെമ്പർക്കാണ്. വാർഡ് മെമ്പർ വന്നു വേണം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാനും, പാമ്പുപിടുത്തക്കാരനെ തപ്പാനും മറ്റും . ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സാമൂഹ്യപ്രതിബദ്ധതയുള്ളവരും സാമൂഹ്യസേവനത്തോട് അഭിനിവേശം ഉള്ളവരും അല്ലെങ്കിൽ കുഴങ്ങിയതു തന്നെ. അതുകൊണ്ടുതന്നെ ജനസേവനത്തിൽ അഭിരുചിയും, താൽപര്യവും കാട്ടിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുളംങ്കുന്നത്തുകാവ് ആറാം വാർഡ് ഇത്തരത്തിലൊരു പോരാട്ടത്തിൻെറ നേർകാഴ്ചയാവുകയാണ്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളിലും, അയൽക്കൂട്ടങ്ങളിലുമായി സാമൂഹ്യസേവന രംഗത്ത് വലിയ പരിചയവുമായാണ് യുഡിഎഫ് സ്ഥാനാർത്ഥി സി.പി ജോർജ് പഞ്ചായത്ത് ഇലക്ഷനിൽ ഒരു കൈ നോക്കാൻ ഇറങ്ങിയിരിക്കുന്നത്. 2005-2010 കാലഘട്ടത്തിൽ മുളങ്കുന്നത്തുകാവിലെ തന്നെ ആറാം വാർഡിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രവും ജനങ്ങളുടെ ഇടയിൽ സി.പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന സി.പി ജോർജിന് സ്വന്തം. 1990കളുടെ മധ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയിലൂടെയാണ് സാമൂഹ്യസേവനത്തിലേക്ക് സി.പി ജോർജ് കടന്നുവരുന്നത്. തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിൽ ബോധനയ്ക്കുവേണ്ടി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സി.പി ജോർജിൻെറ മികവ് ബോധനയ്ക്ക് സഹായകരമായി. അതിനുശേഷം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേരളാ ഗവൺമെൻറ് നടപ്പാക്കിയ ജലനിധി പദ്ധതിയുടെ ഭാഗവാക്കായ ജോർജ് പാണഞ്ചേരിയിലെ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഓഫീസർമാരിൽ ഒരാളായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാനും, പിന്നോക്ക മേഖലകളിൽ ശൗചാലയങ്ങളും, അഴുക്കുചാലുകളും തുടങ്ങി ശുചിത്വ മേഖലകളിലെ അടിസ്ഥാന വികസനത്തിന് സി.പി ജോർജ് നൽകിയ സംഭാവനകൾ പാണഞ്ചേരി നിവാസികൾ ഇന്നും നന്ദിയോടെ ആണ് സ്മരിക്കുന്നത്. തൃശൂർ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ ആക്ഷൻൻെറ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കവേ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകാനായി.
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി ആറാം വാർഡിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി ജോർജ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനും പ്രത്യേകിച്ച് ആറാം വാർഡിനും സുപരിചിതനാണ്. വലിപ്പം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ആറാം വാർഡിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സി.പി ജോർജ് നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. മുൻകാലങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ തൻെറ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് സി.പി ജോർജ് മലയാളം യുകെയോട് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിജു വടുകുളം ആണ് സി.പി ജോർജിൻറെ പ്രധാന എതിരാളി. ഇടതുപക്ഷത്തേക്കുള്ള ജോസ് വിഭാഗത്തിൻെറ പൊടുന്നനെയുള്ള മലക്കംമറിച്ചിലിൽ അസംതൃപ്തരായ യുഡിഎഫ് അനുഭാവികളായ മാണി വിഭാഗം കോൺഗ്രസ് പ്രതിനിധിയായി യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന ജോർജിൻറെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപിയുടെ ഉൾപ്പെടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി രംഗത്തുണ്ടെങ്കിലും പ്രധാനമത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണ്.
Leave a Reply