ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലണ്ടനിലെ പുൽകോർട്ടില്‍ ജോക്കോവിച്ചിനെ തകർത്ത് സ്വപ്‍നനേട്ടം സ്വന്തമാക്കിയപ്പോൾ ഇരുപതുകാരൻ അൽകാരസ് മുഖം മൈതാനത്തോട് ചേർത്തു. ഫെഡററും നദാലും ജോക്കോവിച്ചും വാണ കോർട്ടിൽ ഇനി പുത്തൻ താരോദയം. ജോക്കോയെ കീഴടക്കി വിമ്പിൾഡൻ വിജയിക്കുമ്പോൾ അൽകാരസിന് പ്രായം 20 വയസ്സും 72 ദിവസവും. വിമ്പിൾഡൻ കിരീടം നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് അൽകാരസ്.
2003 മേയിൽ സ്പെയിനിലെ എൽ പാമറിലാണ് അൽകാരസിന്റെ ജനനം. അൽകാരസിന്റെ മുത്തച്ഛൻ അൽകാരസ് ലാർമയാണ് എൽ പാമറിലെ ആദ്യത്തെ ടെന്നിസ് ക്ലബ് തുടങ്ങിയത്. അതുകൊണ്ടു തന്നെ ടെന്നിസ് എപ്പോഴും അദ്ദേഹത്തിന്റെ കയ്യെത്തും ദൂരത്തുണ്ടായിരുന്നു. ടെന്നിസ് പ്രേമം ലാർമയിൽനിന്ന് മകൻ ഗോൺസാലസിലേക്കും കൊച്ചുമകൻ അൽകാരസിലേക്കും പടർന്നുപിടിച്ചു. മൂന്നാം വയസ്സുമുതൽ കാർലോസ് അൽകാരസ് റാക്കറ്റെടുത്തു ടെന്നിസ് കളിച്ചുതുടങ്ങി. മുന്‍ലോക ഒന്നാം നമ്പർ താരം യുവാൻ കാർലോസ് ഫെറേറോയുടെ കീഴിലായിരുന്നു പരിശീലനം. അദ്ദേഹത്തിന്റെ അക്കാദമിയിൽ വളർന്ന താരം 16–ാം വയസ്സിൽ പ്രൊഫഷനൽ ടെന്നിസിൽ അരങ്ങേറി.
2021 ക്രൊയേഷ്യൻ ഓപ്പണില്‍ അൽബർട്ട് റമോസിനെ തോൽപിച്ച് അൽകാരസ് കിരീടം ചൂടി. 2022ൽ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടി അൽകാരസ് ഏവരെയും ഞെട്ടിച്ചു.
ഞാൻ അവനിൽ എന്നെ മാത്രമല്ല, റോജർ ഫെഡററെയും റാഫേൽ നദാലിനെയും കാണുന്നു. ഞങ്ങളുടെ മൂന്നുപേരുടെയും പ്രതിഭയുടെ സമന്വയമാണ് അവൻ. ഫൈനലിന് ശേഷം ജോക്കോവിച്ച് ഇത് പറയുമ്പോൾ അതൊരു തലമുറമാറ്റത്തിന്റെ സൂചന കൂടിയാണ്. നദാലിന്റെ നാടായ സ്പെയ്നിൽ നിന്ന് വരുന്നതിനാൽ നദാലിന്റെ പിൻഗാമിയെന്ന് വിളിപ്പേരുണ്ടായെങ്കിലും കേളീശൈലിയിൽ നദാലിന്റെ പകർപ്പായിരുന്നില്ല കാർലോസ്. ഫെഡററുടെ റിട്ടേണുകളുടെ സൗന്ദര്യവും നൊവാക്കിന്റെ സർവുകളുടെ ആകർഷണീയതയും നദാലിന്റെ കരുത്തും കാർലോസിൽ സമ്മേളിച്ചു.
ഈ കിരീടനേട്ടത്തിലൂടെ ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള, കോടീശ്വരനായ വ്യക്തിയായി മാറുക കൂടിയാണ് ഈ ഇരുപതുകാരൻ പയ്യൻ. വിംബിൾഡണിന് മുമ്പ്, റോളക്‌സ് , കാൽവിൻ ക്ലീൻ , ലൂയിസ് വിട്ടൺ , ബിഎംഡബ്ല്യു , റാക്കറ്റ് നിർമ്മാതാവ് ബാബോലറ്റ് എന്നിവരുമായുള്ള ഇടപാടുകൾക്ക് കാർലോസ് 7 മില്യൺ പൗണ്ട് മൂല്യമുള്ള ആളായി പറയപ്പെടുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് കാർലോസ് തന്റെ വിജയത്തെ വിശേഷിപ്പിച്ചത്. ഇതിലും വലിയ ഏത് സുന്ദര നിമിഷമാണ് അർപ്പണബോധമുള്ള ഒരു ഇരുപതുകാരനെ തേടി വരേണ്ടത്.
Leave a Reply