ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്രമേഹം, ക്യാൻസർ പോലുള്ള ഒട്ടുമിക്ക രോഗങ്ങൾക്കും ആവശ്യമായ മരുന്നുകളുടെ വിതരണത്തിൽ ദൗർലഭ്യം നേരിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ സമരങ്ങളും മറ്റ് പ്രശ്നങ്ങളും മൂലം താളം തെറ്റിയ എൻഎച്ച്എസ്സിനെ മരുന്ന് ക്ഷാമം കടുത്ത പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടും എന്നാണ് സൂചനകൾ . അപകടസാധ്യത കുറഞ്ഞ ബദൽ മരുന്നുകളുടെ ഉപയോഗം, മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിക്കുക എന്നീ മാർഗങ്ങളാണ് പ്രതിസന്ധിയെ തരണം ചെയ്യാൻ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ .

അപസ്മാര രോഗത്തിൻറെ ചികിത്സയ്ക്കായുള്ള ടെഗ്രെറ്റോൾ , കാർബമാസാപൈൻ എന്നീ മരുന്നുകൾ ജനുവരി പകുതി വരെ ലഭ്യമാകില്ലെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ച ബന്ധപ്പെട്ട ഡോക്ടർമാരെ അറിയിച്ചിരുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർ ഉപയോഗിക്കുന്ന ഗ്ലൂക്കോൺ പോലുള്ള മരുന്നുകളുടെ വിതരണത്തിൽ 2024 -ൽ ഉടനീളം പ്രശ്നമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . രക്തത്തിലെ ഉയർന്ന അളവിലുള്ള കാൽസ്യം കുറയ്ക്കാൻ ക്യാൻസർ രോഗികളിൽ ഉപയോഗിക്കുന്ന ഗുളികകൾ മാർച്ച് അവസാനം വരെ ലഭിക്കില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് അറിയിപ്പ് വന്നിരുന്നു.

മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത് പെട്ടെന്നുള്ള പ്രതിഭാസം അല്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. കമ്മ്യൂണിറ്റി ഫാർമസി ഇംഗ്ലണ്ട് നടത്തിയ 2023 -ലെ സർവേയിൽ 92% ഫാർമസി ടീമുകളും ദിവസവും മരുന്ന് വിതരണത്തിൽ പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തിയിരുന്നു. യുകെയിൽ മാത്രമല്ല മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത് മരുന്ന് മറ്റ് രാജ്യങ്ങളിൽ നിന്ന് മേടിക്കുന്നത് കൂടുതൽ ചെലവുള്ളതാക്കിയതും പ്രതിസന്ധിക്ക് കാരണമായതായാണ് സൂചനകൾ .