ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പെട്രോൾ-ഡീസൽ ഇന്ധന നികുതി ഇളവ് സെപ്റ്റംബറിൽ പിൻവലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു. 2022-ൽ റഷ്യ ഉക്രൈൻ യുദ്ധത്തിന് പിന്നാലെ ഇന്ധന നികുതിയിൽ നൽകിയ 5 പെൻസ് ഇളവ് ആറുമാസം കൊണ്ട് പിന്‍വലിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരുന്നത് . എന്നാൽ മധ്യപൂർവദേശത്തിലെ സംഘർഷവും പ്രത്യേകിച്ച് ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പരിഗണിച്ച് സാഹചര്യം വിലയിരുത്തുമെന്ന് അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബഡെനോച്ച് ഇന്ധന നികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് എണ്ണവിലകൾ ഇപ്പോൾ വളരെ അനിശ്ചിതമാണെന്നും സെപ്റ്റംബറിൽ പെട്രോൾ വില എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും എംപിമാരോട് വ്യക്തമാക്കി.

ഇതിനിടെ മധ്യപൂർവദേശത്ത് ഇറാനെതിരായ ആക്രമണങ്ങൾക്ക് പിന്നാലെ ഊർജവില ഉയരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതോടെ ഇന്ധന നികുതി ഇളവ് തുടരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രചാരണം ശക്തമാക്കി. ജനങ്ങളുടെ വൈദ്യുതി-ഇന്ധന ചെലവ് കൂടാതിരിക്കാൻ സർക്കാർ രംഗത്തെ സ്ഥാപനങ്ങളുമായും സഖ്യ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വീടുകളിലെ ഊർജ ബില്ലുകൾ വർധിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും സ്റ്റാർമർ അറിയിച്ചു.











Leave a Reply