ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗൺ പാർട്ടികളുടെ പേരിൽ ബോറിസ് ജോൺസൺ എംപിമാരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയ റിപ്പോർട്ടിനെ വലിയ രീതിയിൽ പിന്തുണച്ചു എംപിമാർ. ഏഴിനെതിരെ 354 എന്ന നിലയിൽ കോമൺസ് റിപ്പോർട്ടിനെ പിന്തുണച്ചു. ജോൺസൺ ആവർത്തിച്ചുള്ള കുറ്റങ്ങൾ ചെയ്തതായി ക്രോസ്-പാർട്ടി കമ്മറ്റിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി തെരേസ മേ, കോമൺസ് നേതാവ് പെന്നി മോർഡൗണ്ട്, വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ എന്നിവരും റിപ്പോർട്ടിലെ കണ്ടെത്തലുകളെ പിന്തുണച്ചു. 118 ടോറി നേതാക്കൾ റിപ്പോർട്ടിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 225 എംപിമാർ വിട്ടുനിന്നു.

നമ്പർ 10ൽ നടന്ന സംഭവങ്ങളെക്കുറിച്ച് പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നിലധികം പ്രസ്താവനകൾ ജോൺസൺ നടത്തിയതായി റിപ്പോർട്ടിന്റെ നിഗമനത്തിൽ പറയുന്നു. റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി ജോൺസൻ എം പി സ്ഥാനം രാജി വെച്ചിരുന്നു. റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി, കമ്മിറ്റിയെ “കംഗാരു കോടതി” എന്ന് മുദ്രകുത്തി ആക്ഷേപിച്ചതിലൂടെ ജോൺസൺ പാർലമെന്റിനെ കൂടുതൽ അവഹേളിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

സഭയെയും ജനങ്ങളെയും അദ്ദേഹം ആവർത്തിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും സമിതി കണ്ടെത്തി. കമ്മിറ്റിയുടെ നിഷ്പക്ഷതയ്‌ക്കെതിരെ ബോറിസ് നടത്തിയ ആക്രമണങ്ങളെയും കുറ്റപ്പെടുത്തുന്നതാണ് റിപ്പോർട്ട്. ‘ജനാധിപത്യത്തിന്റെ ഭയാനകമായ ദിനം’ എന്നാണ് ബോറിസ് റിപ്പോർട്ടിനെ വിമർശിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ബോറിസ് തന്റെ എം പി സ്ഥാനം രാജി വെച്ചത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള കോമൺസ് ചർച്ചയിൽ നിന്ന് പ്രധാനമന്ത്രി റിഷി സുനക് വിട്ടുനിന്നു.