ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 സെപ്റ്റംബർ 19 തിങ്കളാഴ്ച നടന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിന് ചിലവായ തുക എത്രയെന്ന് ട്രഷറി വെളിപ്പെടുത്തി. രാജ്ഞിയുടെ ശവസംസ്കാരത്തിനും മറ്റുമായി 162 മില്യൺ പൗണ്ട് ചിലവായെന്നാണ് എട്ടുമാസത്തിനുശേഷം വെളിപ്പെടുത്തപ്പെട്ടത്. ട്രഷറിയുടെ ചീഫ് സെക്രട്ടറിയായ ജോൺ ഗ്ലെൻ ആണ് ഒരു മന്ത്രിതല പ്രസ്താവനയിൽ വിവരങ്ങൾ പുറത്തുവിട്ടത്.
ചിലവായ തുകയിൽ ഭൂരിഭാഗവും വഹിച്ചത് ഹോം ഓഫീസ് ആണ് . ഏകദേശം 73.68 ദശലക്ഷം പൗണ്ട് ഹോം ഓഫീസ് മാത്രമായി ഏറ്റെടുത്തു. ഡിപ്പാർട്ട്മെൻറ് ഫോർ കൽച്ചറൽ, മീഡിയ 57 മില്യൺ പൗണ്ട് ആണ് ചെലവായ തുകയിൽ ഏറ്റെടുത്തത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിനോട് അനുബന്ധിച്ച് സ്കോട്ട്‌ലൻഡും വെയിൽസും നോർത്തേൺ അയർലൻഡും ചിലവാക്കിയ തുക പൂർണമായും തിരിച്ചു നൽകി.
രാജ്യത്തിൻറെ അന്തസ്സിന് ഉതകുന്ന രീതിയിൽ ചടങ്ങുകൾ നടത്താനും പൊതുജനത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാനുമാണ് ഗവൺമെൻറ് മുൻഗണന നൽകിയതെന്ന് ട്രഷറി ചീഫ് സെക്രട്ടറി പറഞ്ഞു. 1926 – ൽ ജനിച്ച എലിസബത്ത് രാജ്ഞി 1952 -ലാണ് സിംഹാസനത്തിൽ അവരോധിക്കപ്പെട്ടത്. 70 വർഷമാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ രാജകിരീടം ചൂടിയത് . 2022 സെപ്റ്റംബർ 8-ാം തീയതി ബാൽമോറൽ കാസ്റ്റലിൽ മരണമടഞ്ഞപ്പോൾ എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ ശരാശരി 26.5 ദശലക്ഷം പേർ കണ്ടതായാണ് കണക്കുകൾ .
Leave a Reply