ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ  ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടും.

സമയക്രമീകരണം

ചൊവ്വ
7.00 am – അതിരൂപതാഭവനത്തിൽ വി. കുർബാന, മൃതസംസ്കാര ശുശ്രൂഷ ഒന്നാംഭാഗം

9.30 am – വിലാപയാത്ര സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക്

11.00 am – പൊതുദർശനം

ബുധൻ

9. 30 am –  മൃതസംസ്കാരശുശ്രൂഷ രണ്ടാംഭാഗം, വി. കുർബാന, നഗരി കാണിക്കൽ, സമാപനശുശ്രൂഷ

അതിരൂപതാഭവനത്തിലെ കർമ്മങ്ങൾ

ചൊവ്വ രാവിലെ 7.00 ന്  മാർ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ കാർമ്മികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തപ്പെടുന്നു. തുടർന്ന് 9. 30 ന് വിലാപയാത്ര ആരംഭിക്കുന്നു.

വിലാപയാത്ര

പിതാവിൻ്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ 9.00 ന് അതിരൂപതാഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30 ന് മെത്രാപ്പോലിത്തൻപള്ളിയിൽ എത്തിച്ചേരുന്നതാണ്. 1969 ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിൻ്റെ മൃതശരീരവുമായുള്ള നഗരി കാണിക്കലിനുശേഷം 54 വർഷങ്ങൾ കഴിഞ്ഞ് ചങ്ങനാശേരി നഗരം സാക്ഷ്യം വഹിക്കുന്ന അതിരൂപതാദ്ധ്യക്ഷൻ്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഈ വിലാപയാത്രയിൽ അതിരൂപതയിലെ 250 ഇടവകകളിൽ നിന്നും ബഹു. വൈദികർ, സന്യസ്തർ, കൈക്കാരൻമാർ, സംഘടനാപ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവർ സ്വർണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പങ്കെടുക്കുന്നതാണ്.

പൊതുദർശനം

പൊതുദർശനത്തിന് ചൊവ്വ രാവിലെ 11.00 മുതൽ ബുധൻ രാവിലെ 9.00 വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ അവസരമുണ്ടായിരിക്കും. തിങ്കളാഴ്ച ചെത്തിപ്പുഴ ആശുപത്രിയിൽ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതല്ല.

അന്ത്യോപചാരം

അന്തിമ ഉപചാരം അർപ്പിക്കുന്നവർ പൂക്കൾ, ബൊക്ക എന്നിവ പൂർണമായും ഒഴിവാക്കുക, ആവശ്യമെങ്കിൽ വെള്ളക്കച്ച സമർപ്പിക്കാവുന്നതാണ്.

സംസ്കാരശുശ്രൂഷ

ബുധൻ രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കുന്നു. തുടർന്ന് വി.കുർബാന, നഗരികാണിക്കൽ, സമാപനശുശ്രൂഷ, സംസ്കാരം എന്നിവ നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമ്മികരായിരിക്കും.

അനുസ്മരണം

അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും  സ്ഥാപനങ്ങളിലും മാർച്ച് 20 തിങ്കളാഴ്ച പിതാവിൻ്റെ അനുസ്മരണവും പ്രാർത്ഥനയും നടത്തുന്നതാണ്.

അവധി

അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും മൃതസംസ്കാര ദിനമായ ബുധനാഴ്ച അവധിയായിരിക്കും. അന്നേ ദിവസം പരീക്ഷകൾ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണ്.

ദുഃഖാചരണം

പിതാവിൻ്റെ ചരമദിനമായ മാർച്ച് 18 ശനി മുതൽ 24 വെള്ളി വരെ ഏഴുദിവസങ്ങൾ അതിരൂപതയിൽ ദു:ഖാചരണമായിരിക്കും. ഏഴാംചരമദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് മെത്രാപ്പോലിത്തൻ പള്ളിയിൽ വി.കുർബാനയും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.