ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ ഫിലിപ്പ് രാജകുമാരന് അന്ത്യവിശ്രമം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന സംസ്കാര ചടങ്ങിൽ ഫിലിപ്പ് രാജകുമാരൻെറ മക്കളും കൊച്ചുമക്കളും ഏറ്റവും അടുത്ത ബന്ധുക്കളുമാണ് പങ്കെടുത്തത്. ശവസംസ്കാര ഘോഷയാത്രയ്ക്ക് ശേഷം രാജ്യം ഒരു മിനിറ്റ് നിശബ്ദത പാലിച്ചു. സായുധ സേനയിലെ 730 ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തെങ്കിലും കൊറോണ വൈറസ് നിയമപ്രകാരം സെന്റ് ജോർജ്ജ് ചാപ്പലിനുള്ളിൽ 30 പേർ മാത്രമാണ് ഉണ്ടായിരുന്നത്. 15 വർഷങ്ങൾക്ക് മുമ്പ് ഫിലിപ്പ് രാജകുമാരന്റെ നിർദേശപ്രകാരം രൂപകല്പന ചെയ്ത ലാൻഡ് റോവർ ഡിഫെൻഡറിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. മേജർ ജനറൽസ് പാർട്ടി, സൈനിക സേവന മേധാവികൾ, ഗ്രനേഡിയർ ഗാർഡുകൾ എന്നിവരുടെ ബാൻഡ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ശവപ്പെട്ടി വഹിച്ച വാഹനത്തിന് പിന്നാലെ ആദ്യ നിരയിൽ ആനി രാജകുമാരിയും ചാൾസ് രാജകുമാരനും അണിനിരന്നു. എഡ്വേർഡ്, ആൻഡ്രൂ, വില്യം, ഹാരി, പീറ്റർ ഫിലിപ്സ് എന്നിവർ വാഹനത്തെ അനുഗമിച്ചു.

യുകെയിലും ജിബ്രാൾട്ടറിലുമായി ഒൻപത് സ്ഥലങ്ങളിൽ നടന്ന ആചാരപരമായ വെടിവയ്പ്പ്, ഒരു മിനിറ്റ് നിശബ്ദതയുടെ ആരംഭവും അവസാനവും അടയാളപ്പെടുത്തി. അതിനെതുടർന്നുള്ള ആറു മിനിറ്റ് നേരം വിമാനങ്ങളൊന്നും ഹീത്രോയിൽ വന്നിറങ്ങിയില്ല. കൂടാതെ ശവസംസ്കാര സമയത്ത് നടക്കാനിരുന്ന എല്ലാ പ്രധാന കായിക ഇനങ്ങളും പുനഃക്രമീകരിച്ചിരുന്നു. കാന്റർബറി അതിരൂപത ആർച്ച്ബിഷപ്പ്, വിൻഡ്‌സർ ഡീൻ എന്നിവർ ചേർന്നാണ് ശവസംസ്കാര ശുശ്രൂഷകൾ നടത്തിയത്. ഫിലിപ്പ് രാജകുമാരന്റെ ദീർഘായുസ്സ് നമുക്കേവർക്കും അനുഗ്രഹമായിരുന്നുവെന്ന് ഡീൻ പറഞ്ഞു. 1860-ൽ വില്യം വൈറ്റിംഗ് എഴുതിയ എറ്റേണൽ ഫാദർ, സ്ട്രോംഗ് ടു സേവ് എന്ന ഗാനം ആലപിക്കുകയുണ്ടായി. നിയന്ത്രണങ്ങൾ കാരണം നാലുപേർ ചേർന്നാണ് ഗാനം ആലപിച്ചത്. സെന്റ് ജോർജ്ജ് ചാപ്പലിലെ ബലിപീഠത്തിൽ ഡ്യൂക്കിന്റെ ചിഹ്നം പ്രദർശിപ്പിച്ചു. രാജകുടുംബത്തിന്റെ കല്ലറയിലേക്ക് മൃതദേഹം ഇറക്കിവച്ചതോടെയാണ് ശുശ്രൂഷകൾ സമാപിച്ചത്.

ശവസംസ്‌കാരം പൂർണ്ണമായും കോട്ടയുടെ മൈതാനത്തിനകത്താണ് നടന്നത്. അവിടെയോ മറ്റ് രാജകീയ വസതികളിലോ ഒത്തുകൂടരുതെന്ന് ബക്കിംഗ്ഹാം കൊട്ടാരം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിച്ചാണ് ദേവാലയത്തിനുള്ളിൽ രാജ്ഞി ഇരുന്നത്. എല്ലാവരും മാസ്ക് ധരിച്ചാണ് തുടക്കം മുതൽ ശുശ്രൂഷയിൽ പങ്കെടുത്തത്. രാജകുടുംബത്തിനും രാജ്യത്തിനും പിന്തുണയും ശക്തിയും പകർന്ന ഫിലിപ്പ് രാജകുമാരൻ ഇനി ജനമനസ്സുകളിൽ ജീവിക്കും. നിരവധി ചെറുപ്പകാർക്ക് പ്രചോദനമായി, ഡയാന രാജകുമാരിയുടെ ഏറ്റവും പ്രിയപ്പെട്ട പിതാവായി, 73 വർഷകാലം രാജ്ഞിയുടെ നിഴലായി നിലകൊണ്ട ഫിലിപ്പ് രാജകുമാരന്റെ നാമം ബ്രിട്ടന്റെ ചരിത്രതാളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടും.