പീറ്റർബറോ: അർബുദ രോഗ ചികിത്സയിലിരിക്കെ പീറ്റർബറോയിൽ അന്തരിച്ച സ്‌നോബിമോൾക്ക് യു കെ യുടെ മണ്ണിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വൻജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര ശുശ്രുഷകളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കുചേർന്നത്. ദേവാലയവും, പാരീഷ് ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം എത്തിയിരുന്നു.

പീറ്റേർബറോ ഔർ ലേഡി ഓഫ് ലൂർദ്ദ് സീറോമലബാർ മിഷൻ വികാരി ഫാ. ഡാനി മോലോപറമ്പിൽ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. കുർബ്ബാന മദ്ധ്യേ പിതാവ് നൽകിയ സന്ദേശത്തിൽ ” സ്‌നോബി നിത്യ പ്രകാശത്തിലേക്കും, നിത്യ വിശ്രമത്തിലേക്കും ആല്മീയമായും മനസ്സികമായും ഏറെ ഒരുങ്ങിയാണ് യാത്രയായതെന്നും, പ്രാർത്ഥനയെ കൂട്ട് പിടിച്ചും, സഹനങ്ങളെ സമർപ്പിച്ചുമുള്ള അവരുടെ ജീവിതം നിത്യസമ്മാനത്തിന് അവരെ അർഹയാക്കും”എന്നും പറഞ്ഞു. അകാലത്തിലുള്ള മരണങ്ങളെ സ്വന്തം കുടുംബത്തിൽ കാണേണ്ടിവന്ന വിഷമങ്ങൾ പങ്കുവെച്ച സ്രാമ്പിക്കൽ പിതാവ് സനിലിനും ആന്റോക്കും സാന്ത്വനവും ശക്തിയും പകരുന്ന തിരുവചനഭാഗങ്ങളും ഉൾപ്പെടുത്തിയാണ് സന്ദേശം നൽകിയത്. ഫാ.ടോം ഓലിക്കരോട്ട്, ഫാ ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവർ സഹകാർമ്മികരായി.

നിരവധി സ്വപ്‌നങ്ങളുമായി യു കെ യുടെ മണ്ണിൽ എത്തുകയും, ജോലി തുടങ്ങി രണ്ടുമാസം ആകുമ്പോളേക്കും ബോൺ ക്യാൻസർ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരംഭിച്ച വിദഗ്ധ ചികിത്സക്കിടയിലാണ് സ്‌നോബിമോൾക്കു പെട്ടെന്ന് രോഗം മൂർച്ചിക്കുന്നത്. സ്വപ്നങ്ങൾക്ക് മൊട്ടിടുന്നതിനു മുമ്പായി അകാലത്തിൽ യാത്രാകേണ്ടി വന്ന സ്‌നോബിമോൾ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യു കെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്.

നിശ്ചലമായി ഉറങ്ങുന്ന സ്‌നോബിയുടെ സമീപം നിന്നുകൊണ്ട് സനിലിന്റെയും ഏകമകൻ ആന്റോയുടെയും, സഹോദരി മോളിയുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തിൽ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും ഏറെ ദുംഖം തളം കെട്ടിയ അന്തരീക്ഷത്തിലാണ് നടന്നത്. നൂറുകണക്കിന് ജനങ്ങൾ ശുശ്രുഷകളിലും ശവ സംസ്‌കാരത്തിലും പങ്കു ചേരുകയും അനുശോചനവും അന്ത്യാഞ്ജലിയും അർപ്പിക്കുകയും ചെയ്തു.

ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് – റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നേഴ്സിങ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർത്ഥിയാണ്. സ്‌നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിൽ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭർത്താവ് സൈമൺ ജോസപ്പും കുടുംബാംഗങ്ങളും, പീറ്റർബറോ മലയാളി സമൂഹവും വളരെ ഭംഗിയായായും ചിട്ടയായുമാണ് അന്ത്യോപചാരവേള ക്രമീകരിച്ചത്. ഫ്‌ളെട്ടൻ സിമിത്തേരിയിൽ നടത്തിയ ശവസംസ്ക്കാര ശുശ്രുഷകൾക്ക് ശേഷം, സെന്റ് ഓസ്വാൾഡ്സ് ചർച്ച് ഹാളിൽ ചായയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

ഔർ ലേഡി ഓഫ് ലൂർദ്‌സ് സീറോമലബാർ ഇടവക അംഗങ്ങൾ , ശുശ്രുഷകൾക്കു സെന്റ് ഓസ്വാൾഡ് ദേവാലയം അനുഭവദിച്ചു നൽകിയ വികാരി ഫാ. സീലൻ, സെന്റ് ഓസ്വാൾഡ് പാരീഷണേഴ്‌സ്, ഫാ. ആന്റണി, ഫാ ആൻഡ്രൂ, ഫാ. തോമസ്, ഫാ. ബിനോയി, ഫാ. സിജു, ഹോസ്പിറ്റൽ ചാപ്ലിൻ ഫാ. വാൾഡി ക്നാനായ കാത്തലിക്ക് ചാപ്ലെയിൻ ഫാ. ജോമോൻ എന്നിവരും അന്ത്യോപചാര ശുശ്രുഷാ വേളയിൽ സന്നിഹിതരായിരുന്നു. ഓൾ സെയിന്റ്സ് മാർത്തോമ്മാ ചർച്ച് വികാരി ഫാ. തോമസ് ജോർജ്ജ് , ഇന്ത്യൻ ഓർത്തഡോക്സ് വികാരി ഫാ. മാത്യു കുര്യാക്കോസ്, യുകെ-യൂറോപ്പ് ആഫ്രിക്ക രൂപതയുടെ മെട്രോപൊളിറ്റൻ മാർ സ്റ്റെഫനോസ് തിരുമേനി, മോർ ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് കോർ എപ്പിസ്‌കോപ്പ ഫാ. രാജു ചെറുവിള്ളിൽ, വികാരി ഫാ. നിതിൻ, ഡീക്കൻ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനകളും, ആശ്വാസ വാക്കുകളും സഹായങ്ങളും ഏറെ നന്ദിപുരസ്സരം ഓർമ്മിക്കുന്നുവെന്നു കുടുംബത്തിന് വേണ്ടി സൈമൺ ജോസഫ് പറഞ്ഞു. കൂടാതെ ശുശ്രുഷകളിലടക്കം എല്ലാ മേഖലകളിലും സഹായങ്ങളും നേതൃത്വവും എടുത്തവരോടുള്ള അകൈതവമായ നന്ദിയും കടപ്പാടും സൈമൺ പ്രകാശിപ്പിച്ചു.

കേംബ്രിഡ്ജ് ബഥേൽ പെന്തക്കോസ്റ്റ് ചർച്ച് പാസ്റ്റർ എബ്രഹാം, പാസ്റ്റർ സാമുവേൽ എന്നിവരും പിന്തുണയും അനുശോചനം അറിയിക്കുകയും ചെയ്തു. പീറ്റർബറോ മലയാളീസ്, കിങ്സ്ലിൻ മലയാളി കൂട്ടായ്മ്മ, സ്പാല്ഡിങ് കൂട്ടായ്മ്മ, പീറ്റർബറോയിലെ നാനാജാതി സമുദായങ്ങൾ, വിവിധ സഭകളും വ്യക്തികളും റീത്തുകൾ സമർപ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സ്‌നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജോജി മാത്യു കരികുളം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.












Leave a Reply