പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് 9 പൗണ്ടാക്കി ഉയര്‍ത്താനുള്ള എന്‍എച്ച്എസ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. രോഗികള്‍ക്ക് അത്യാവശ്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഇതു മൂലം ഉണ്ടാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഇന്നലെ പ്രഖ്യാപിച്ചു. നിലവിലുള്ള 8.80 പൗണ്ടില്‍ 20 പെന്‍സ് വര്‍ദ്ധിപ്പിച്ച് 9 പൗണ്ടാക്കുമെന്നാണ് അറിയിപ്പ്. 16 വയസില്‍ താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുക. റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മരുന്നുകള്‍ക്കുള്ള ചെലവ് താങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ രോഗങ്ങള്‍ക്ക് കീഴടങ്ങുമെന്നും അനാരോഗ്യത്തിലേക്കും അനാവശ്യമായ ആശുപത്രി വാസത്തിലേക്കും നയിക്കപ്പെടുകയും ചെയ്യുമെന്നും സൊസൈറ്റി അധ്യക്ഷയായ സാന്ദ്ര ഗിഡ്‌ലി പറഞ്ഞു. തങ്ങള്‍ക്ക് താങ്ങാനാകാത്ത വിലയുള്ള മരുന്നുകള്‍ ഒഴിവാക്കണമെന്ന് രോഗികള്‍ ഫാര്‍മസിസ്റ്റുകളോട് ആവശ്യപ്പെടുന്നത് നിത്യ സംഭവമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടില്‍ മാത്രമാണ് നിലവില്‍ പ്രിസ്‌ക്രിപ്ഷന്‍ നിരക്കുകള്‍ നല്‍കേണ്ടി വരുന്നത്. വെയില്‍സില്‍ 10 വര്‍ഷം മുമ്പ് ഇത് ഒഴിവാക്കിയിരുന്നു. 2010ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും 2011ല്‍ സ്‌കോട്ട്‌ലന്‍ഡും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വേണ്ടെന്നു വെച്ചിരുന്നു.
ഇംഗ്ലണ്ടില്‍ അണ്‍ലിമിറ്റഡ് പ്രിസ്‌ക്രിപ്ഷനുകള്‍ക്കായി ഒരു പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് സംവിധാനവും നിലവിലുണ്ട്. മൂന്നു മാസത്തേക്ക് 29.10 പൗണ്ടും ഒരു വര്‍ഷത്തേക്ക് 104 പൗണ്ടുമാണ് ഇതിന്റെ നിരക്ക്. 2016-17 വര്‍ഷത്തില്‍ 554.9 മില്യന്‍ പൗണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇതിലൂടെ വരുമാനമുണ്ടാക്കിയത്. ഈ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണെന്നാണ് 45 ഹെല്‍ത്ത് ചാരിറ്റികളെയും സംഘടനകളെയും പ്രതിനിധീകരിക്കുന്ന പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജസ് കോയാലിഷന്‍ അഭിപ്രായപ്പെടുന്നത്.
Leave a Reply