വിദേശങ്ങളില്‍ നിന്ന് എന്‍എച്ച്എസില്‍ നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഹോം ഓഫീസ് വിസ നിഷേധിക്കുന്നു. ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന വിസകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയിരിക്കുന്നത് രോഗികള്‍ക്കായിരിക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. 30 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിയമിക്കുന്നതിനായി നോര്‍ത്ത്-വെസ്റ്റിലെ ഒരു സ്‌കീമിലേക്ക് നിയോഗിക്കപ്പെട്ട നൂറോളം ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡിസംബറിനു ശേഷം 400ഓളം വിദേശ ഡോക്ടര്‍മാര്‍ക്കുള്ള വിസ ഹോം ഓഫീസ് നിഷേധിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമര്‍ ബിബിസിയോട് പറഞ്ഞു.

ഡോക്ടര്‍മാരുടെ കുറവ് മൂലം ക്ലിനിക്കുകള്‍ റദ്ദാക്കപ്പെടുകയും രോഗികളുടെ പരിശോധനയില്‍ പോലും താമസമുണ്ടാകുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള മെഡിക്കല്‍ സംഘത്തിനുമേല്‍ ഇതുമൂലം സമ്മര്‍ദ്ദമേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുമൂലം വിന്ററില്‍ എന്‍എച്ച്എസ് നേരിട്ട പ്രവര്‍ത്തന പ്രതിസന്ധി എല്ലാവരും കണ്ടതാണ്. എന്നിട്ടും ഈ വിധത്തിലുള്ള നടപടിയെടുക്കാന്‍ ഹോം ഓഫീസിന് കഴിയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ചീഫ് ഓഫീസര്‍ ജോണ്‍ റൂസ് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടില്‍ മാത്രം ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ടയര്‍ 2 വിസകളുടെ പ്രതിമാസ പരിധി കഴിയുന്നത് മൂലമാണ് ഇപ്രകാരം സംഭവിക്കുന്നതെന്നാണ് ഹോം ഓഫീസ് വിശദീകരിക്കുന്നത്. അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദേശീയ താല്‍പര്യത്തിന് അനുസരിച്ചാണ് ഇമിഗ്രേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും തൊഴിലുകളില്‍ യുകെ പൗരന്‍മാര്‍ക്ക് ആദ്യം അവസരം നല്‍കിയ ശേഷം മാത്രമായിരിക്കും വിദേശ പൗരന്‍മാരെ പരിഗണിക്കുകയെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.